നിരന്തര കുറ്റവാളികളായ രണ്ട് യുവാക്കളെ കാപ്പാ നിയമപ്രകാരം ജില്ലയിൽ നിന്നും നാടുകടത്തി. കോട്ടയം തിരുവാർപ്പ് കാഞ്ഞിരം ഭാഗത്ത് പറേനാൽപ്പതിൽ വീട്ടിൽ ജെറിൻ (25), കൂരോപ്പട,ളാക്കാട്ടൂർ തോട്ടപ്പള്ളി ഭാഗത്ത് ആനക്കല്ലുങ്കൽ വീട്ടിൽ നിധിൻ കുര്യൻ (33) എന്നിവരെയാണ് കോട്ടയം ജില്ലയിൽ നിന്നും കാപ്പാ നിയമപ്രകാരം നാടുകടത്തിക്കൊണ്ട് ഉത്തരവായത്. ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇരുവരെയും ആറു മാസത്തേക്കാണ് നാട് കടത്തിയത് . ജെറിന് കുമരകം, കോട്ടയം ഈസ്റ്റ്, കോട്ടയം എക്സൈസ് എൻഫോഴ്സ്മെന്റ് എന്നീ സ്റ്റേഷനുകളിൽ അടിപിടി,
കൊലപാതകശ്രമം, ഭീഷണിപ്പെടുത്തൽ, കഞ്ചാവ് വില്പന തുടങ്ങിയ കേസുകളും, നിധിൻ കുര്യന് ചിങ്ങവനം, കോട്ടയം ഈസ്റ്റ്, കറുകച്ചാൽ എന്നീ സ്റ്റേഷനുകളിൽ ഭീഷണിപ്പെടുത്തൽ മോഷണം, കവർച്ച, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ ക്രിമിനൽ കേസുകളും നിലവിലുണ്ട്. ജനങ്ങളുടെ സ്വൈര്യ ജീവിതത്തിനു തടസ്സം സൃഷ്ടിക്കുന്ന നിരന്തര കുറ്റവാളികൾക്കെതിരെ ശക്തമായ നിയമനടപടിയാണ് ജില്ലാ പോലീസ് സ്വീകരിച്ചു വരുന്നത്. തുടർന്നും ഇത്തരക്കാർക്കെതിരെ കാപ്പാ പോലുള്ള ശക്തമായ നിയമ നടപടികൾ സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.