മുണ്ടക്കയം: മുണ്ടക്കയം സ്വദേശിയായ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. കോരുത്തോട് കോസടി ഭാഗത്ത് കുറിഞ്ഞിലത്ത് വീട്ടിൽ പല്ലൻ അനീഷ് എന്ന് വിളിക്കുന്ന സുധീന്ദ്ര ബാബു (38) എന്നയാളെയാണ് മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തത്.ഇയാൾ കഴിഞ്ഞദിവസം രാത്രി 10 :15 മണിയോടുകൂടി മുണ്ടക്കയം പുത്തൻചന്ത ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന യുവാവിന്റെ വീട്ടിൽ അതിക്രമിച്ചുകയറി യുവാവിനെ ചീത്ത വിളിക്കുകയും കയ്യിൽ കരുതിയിരുന്ന കത്തികൊണ്ട് യുവാവിന്റെ നെഞ്ചത്ത് കുത്തുകയുമായിരുന്നു.
സുധീന്ദ്ര ബാബുവിന് യുവാവിനോട് മുൻ വിരോധം നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് ഇയാൾ യുവാവിന്റെ വീട്ടിൽ അതിക്രമിച്ചു കയറി യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ചത്. തുടർന്ന് ഇയാൾ സംഭവസ്ഥലത്തുനിന്ന് കടന്നു കളയുകയും ചെയ്തു. പരാതിയെ തുടർന്ന് മുണ്ടക്കയം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ തിരച്ചിലിൽ ഇയാളെ പിടികൂടുകയുമായിരുന്നു. മുണ്ടക്കയം സ്റ്റേഷൻ എസ്.ഐ വിപിൻ കെ.വി, അനിൽകുമാർ, എ.എസ്.ഐ ഷീബ, സി.പി.ഓ റോബിൻ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.