കോട്ടയം :വോട്ടു ചെയ്യുക എന്ന ഉത്തരവാദിത്വത്തിൽ നിന്നും ആരും മാറി നിൽക്കുകയോ നിസ്സംഗത പാലിക്കുകയോ ചെയ്യരുതെന്ന് പാലാ മുൻസിപ്പൽ ചെയർമാൻ ഷാജു തുരുത്തൻ അഭിപ്രായപ്പെട്ടു.കെ ടി യു സി (എം) യുടെ മെയ്‌ദിനാചരണം പതാക ഉയർത്തി ഉദ്‌ഘാടനം ചെയ്യുകയായിരുന്നു ഷാജു തുരുത്തൻ.
കഴിഞ്ഞ ലോക്സഭാ തെരെഞ്ഞെടുപ്പിൽ പോളിംഗ് ശതമാനം കുറഞ്ഞതിനെ കുറിച്ചുള്ള വാദ പ്രതിവാദങ്ങൾ പാലായിൽ ശക്തമായിരിക്കെ മുൻസിപ്പൽ ചെയർമാന്റെ അഭിപ്രായത്തിന് സ്വയം വിമർശനാത്മകമായ കാഴ്ചപ്പാടുണ്ടെന്നാണ് നിരീക്ഷകർ കരുതുന്നത് .ജനങ്ങളിൽ ഒരു തരം നിസ്സംഗത രൂപം കൊണ്ടിട്ടുണ്ടെന്നത് പൊതു സമൂഹത്തിൽ ചർച്ചയായിരുന്നു.
അതേസമയം കെ ടി യു സി യുടെ പ്രവർത്തകരെല്ലാം രാവിലെ പോയി വോട്ടു ചെയ്തെന്നു കെ ടി യു സി നേതാവ് ജോസുകുട്ടി പൂവേലിൽ അഭിപ്രായപ്പെട്ടു .കെ ടി യു സി പറഞ്ഞാൽ പറഞ്ഞതാ എന്ന് അദ്ദേഹം സൂചിപ്പിക്കുകയും ചെയ്തു.തൊഴിലാളികൾക്ക് ചരിത്രത്തിൽ ആദ്യമായി കർഷക തൊഴിലാളി പെൻഷൻ ഏർപ്പെടുത്തിയത് കെ എം മാണി ആണെന്ന് കേരളാ കോൺഗ്രസ്(എം) പാലാ നിയോജക മണ്ഡലം പ്രസിഡണ്ട് ടോബിൻ കെ അലക്‌സ് അഭിപ്രായപ്പെട്ടു .കെ ടി യു സി യുടെ മെയ്ദിനാചരണം ഉദ്‌ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ടോബിൽ കെ അലക്സ് .കേരളാ കോൺഗ്രസ്(എം) പാർട്ടിയുടെ എല്ലാ പരിപാടികൾക്കും കെ ടി യു സി യുടെ സജീവ സാന്നിധ്യം ദൃശ്യമാണെന്ന് ടോബിൻ കൂട്ടിച്ചേർത്തു.