Kerala
അഞ്ജിതമായ പഞ്ചിങ്ങ്:സഞ്ജു ഇന്ത്യൻ ടീമിൽ
മുംബൈ: ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസണ് വിക്കറ്റ് കീപ്പറായി ലോകകപ്പില്‍ കളിക്കും. ഋഷഭ് പന്തും വിക്കറ്റ് കീപ്പറായി തന്നെ ലോകകപ്പ് ടീമിലുണ്ട്. രോഹിത് ശര്‍മ നയിക്കുന്ന ടീമില്‍ ഹാര്‍ദിക് പാണ്ഡ്യയാണു വൈസ് ക്യാപ്റ്റന്‍.
സീനിയർ താരം കെ.എൽ. രാഹുലിനെ ടീമിൽനിന്ന് ഒഴിവാക്കി. റിസർവ് താരങ്ങളായി ശുഭ്മൻ ഗിൽ, ഖലീൽ അഹമ്മദ്, റിങ്കു സിങ്, ആവേശ് ഖാൻ എന്നിവരും ഇന്ത്യൻ ടീമിനൊപ്പമുണ്ടാകും. എക്സ് പ്ലാറ്റ്ഫോമിലാണ് ബിസിസിഐ ടീമിനെ പ്രഖ്യാപിച്ചത്. ജൂൺ രണ്ടിനാണ് ട്വന്റി20 ലോകകപ്പ് മത്സരങ്ങൾ ആരംഭിക്കുന്നത്. ജൂൺ അഞ്ചിന് അയർലൻഡിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.
2015 ജൂലൈയിൽ സിംബാബ്വെയ്ക്കെതിരെയാണ് സഞ്ജു സാംസണ് ഇന്ത്യയ്ക്കായി ട്വന്റി20യിൽ അരങ്ങേറ്റിയത്. ഇതുവരെ 25 രാജ്യാന്തര മത്സരങ്ങളിൽനിന്നായി 374 റൺസ് താരം നേടിയിട്ടുണ്ട്. ഐപിഎല്ലിൽ വർഷങ്ങളോളം തിളങ്ങിയിട്ടും ഐസിസിയുടെ ഒരു പരമ്പരയിലും ടീം ഇന്ത്യ സഞ്ജുവിനെ കളിപ്പിച്ചിരുന്നില്ല. 2024 ഐപിഎല്ലിൽ ഒൻപതു മത്സരങ്ങളിൽനിന്ന് 385 റൺസ് താരം നേടിയിട്ടുണ്ട്. പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനക്കാരാണ് രാജസ്ഥാൻ റോയൽസ്.
ഇന്ത്യൻ ടീം– രോഹിത് ശർമ (ക്യാപ്റ്റൻ), യശസ്വി ജയ്സ്വാൾ, വിരാട് കോലി, സൂര്യകുമാർ യാദവ്, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, രവീന്ദ്ര ജഡേജ, അക്ഷർ പട്ടേൽ, കുൽദീപ് യാദവ്, യുസ്വേന്ദ്ര ചെഹൽ, അർഷ്ദീപ് സിങ്, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്.