Kerala

2023-24 സാമ്പത്തിക വർഷം വികസന ഫണ്ട് നൂറു ശതമാനവും ചെലവഴിച്ച് നൂറ് മേനി മികവിൽ മീനച്ചിൽ ഗ്രാമപഞ്ചായത്ത്

 

കോട്ടയം :ഇടമറ്റം: 2023-24 സാമ്പത്തിക വർഷം വികസന ഫണ്ട് നൂറു ശതമാനവും ചെലവഴിച്ച് മീനച്ചിൽ ഗ്രാമപഞ്ചായത്ത്. കോട്ടയം ജില്ലയിൽ മീനച്ചിൽ ഗ്രാമപഞ്ചായത്തുൾപ്പെടെ മൂന്ന് പഞ്ചായത്തുകളാണ് നൂറു ശതമാനം വികസന ഫണ്ട് ചെലവഴിച്ചത്. ഉല്പാദന, സേവന, പശ്ചാത്തല മേഖലകളിലായി ജനകീയ പ്രശ്നങ്ങൾ കണ്ടറിഞ്ഞ് പ്രവർത്തിക്കുന്നതിനോടൊപ്പം അതിദരിദ്രരുടെ ഉന്നമനത്തിനായുള്ള പ്രവർത്തനങ്ങളും പഞ്ചായത്ത് ഏറ്റെടുത്തിട്ടുണ്ട്.

ഉല്പാദന മേഖലയിൽ മുട്ടക്കോഴി വിതരണം, കാലിത്തീറ്റ സബ്സിഡി, ധാതുലവണ മിശ്രിതവും വിരമരുന്നും നൽകൽ, വളർത്ത് നായ്ക്കൾക്ക് പേവിഷ പ്രതിരോധ കുത്തിവയ്പ്പ്, ക്ഷീര കർഷകർക്ക് പാലിന് സബ്സിഡി, ജൈവകൃഷി പ്രോത്സാഹനം, കിഴങ്ങ് വർഗങ്ങളുടെ വിതരണം, ഗ്രോചട്ടി വിതരണം, സ്വയം തൊഴിൽ സംരംഭങ്ങൾക്ക് സബ്സിഡി, തേനീച്ച വളർത്തൽ, കവുങ്ങ് തൈ വിതരണം, ഭിന്നശേഷിയുള്ളവർക്ക് പെട്ടിക്കട സേവന മേഖലയിൽ ലൈഫ് ഭവന പദ്ധതി, ഗവ.സ്കൂളുകളിൽ പ്രഭാത ഭക്ഷണം നൽകൽ, അനുപൂരക പോഷകാഹാര വിതരണം, വയോജനങ്ങൾക്ക് കട്ടിൽ വിതരണം, ഭിന്നശേഷിക്കാർക്ക് സഹായ ഉപകരണങ്ങൾ വിതരണം, വീട് മെയിൻ്റനൻസ്, പാലിയേറ്റിവ് പരിചരണ പ്രവർത്തനങ്ങൾ, മാലിന്യ നിർമ്മാർജ്ജന പ്രവർത്തനങ്ങൾ തുടങ്ങി നിരവധി പദ്ധതികൾ നടപ്പിലാക്കി. വിദ്യാർത്ഥികൾക്ക് പഠന സൗകര്യം മെച്ചപ്പെടുത്തുന്നതിനായി ലാപ്ടോപ്പ് വിതരണം,

സ്കോളർഷിപ്പ്, പഠനമുറി തുടങ്ങിയ പദ്ധതികളും മെയിൻ്റനൻസ് ഫണ്ടുപയോഗിച്ച് വിവിധ റോഡുകളുടെ നവീകരണ പ്രവർത്തനങ്ങളും കേന്ദ്ര ധനകാര്യ ഫണ്ട് ചെലവഴിച്ച് തെരുവ് വിളക്കുകളുടെ നവീകരണം, മിനിമാസ്റ്റ് ലൈറ്റുകൾ, റോഡ് നിർമ്മാണം, നിർധനരായ ഡയാലിസിസ് രോഗികൾക്കുള്ള ചികിത്സാ സഹായവും സൗജന്യ ഡയാലിസിസ് കിറ്റ് വിതരണവും തനതു ഫണ്ടുപയോഗിച്ച് നടപ്പാക്കിയ ഗ്രാമവണ്ടി ഉൾപ്പെടെ മുഴുവൻ പദ്ധതികളും പൂർത്തീകരിച്ചാണ് ഗ്രാമപഞ്ചായത്ത് ഈ നേട്ടം കൈവരിച്ചത്. മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി രണ്ട് കോടി അമ്പത്തി അയ്യായിരം രൂപ ചെലവഴിച്ച് പദ്ധതി നിർവ്വഹണത്തിൽ ളാലം ബ്ലോക്കിൽ മീനച്ചിൽ ഗ്രാമ പഞ്ചായത്ത് ഒന്നാം സ്ഥാനം നേടിയിരുന്നു.

41764 മനുഷ്യ പ്രയത്ന ദിനങ്ങളും 306 പേർക്ക് 100 ദിനം തൊഴിൽ നൽകിയും മെറ്റീരിയൽ കമ്പോണൻ്റിനത്തിൽ 54.77 ലക്ഷം രൂപയുടെ നിർമ്മാണ പ്രവർത്തികളും കോഴിക്കൂട്, ആട്ടിൻകൂട്, കാലിത്തൊഴുത്ത്, തീറ്റപ്പുൽ കൃഷി, കിണർ നിർമ്മാണം, റോഡ് കോൺക്രീറ്റിംഗ് വർക്കുകൾ തുടങ്ങിയ പ്രവർത്തികൾ നടപ്പിലാക്കിയാണ് തൊഴിലുറപ്പിൽ നൂറ് ശതമാനം നേടിയത്. ഭരണസമിതിയുടെയും നിർവ്വഹണ ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും കൂട്ടായ പ്രവർത്തനത്തിൻ്റെ ഭാഗമായാണ് ഈ നേട്ടം കൈവരിക്കാൻ സാധിച്ചതെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സാജോ പൂവത്താനി പറഞ്ഞു. നികുതി സമാഹരണത്തിലും മീനച്ചിൽ ഗ്രാമപഞ്ചായത്ത് നൂറുമേനി നേട്ടം കൈവരിച്ചിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top