കടുത്തുരുത്തി: എം.എൽ.എ മോൻസ് ജോസഫി നെതിരായ ജനവികാരമാണ് തെരഞ്ഞെടുപ്പിൽ കടുത്തുരുത്തിയിൽ പ്രതിഫലിച്ചതെന്ന് കേരള യൂത്ത് ഫ്രണ്ട് (എം) കടുത്തുരുത്തി നിയോജകമണ്ഡലം കമ്മിറ്റി വിലയിരുത്തി.കോട്ടയം ലോക്സഭാ മണ്ഡലത്തിലെ ഏറ്റവും കുറഞ്ഞ പോളിങ്ങിലേക്ക് കടുത്തുരുത്തിയെ മാറ്റിയതിൻ്റെ കാരണക്കാരൻ മോൻസ് ജോസഫിനോടുള്ള ജനവികാരമാണ്. എം.എൽ.എ യും കൂട്ടരും യു.ഡി.എഫി നെയും സ്ഥാനാർഥി ഫ്രാൻസിസ് ജോർജിനെയും വഞ്ചിക്കുകയായിരുന്നു.കടുത്തുരുത്തി നിയോജക മണ്ഡലത്തിലെ വോട്ട് ശതമാനം പരിശോധിച്ചാൽ യുഡിഎഫ് വോട്ടുകൾ സമാഹരിക്കുന്നതിനും പോളിംഗ് ബൂത്തിൽ എത്തിക്കുന്നതിനുള്ള സംഘടനാ സംവിധാനം മോൻസ് ജോസഫിനു നഷ്ടപ്പെട്ടു എന്ന് വ്യക്തമാണ്. യൂ.ഡി.എഫ് വോട്ടുകൾ നിർജീവമായതിന് പിന്നിൽ എം.എൽ.എ യുടെ ഗൂഢലക്ഷ്യം സംശയിക്കേണ്ടിയിരിക്കുന്നു.
യു.ഡി.എഫ് അണികളും നേതാക്കളും എം.എൽ.എ യോടുള്ള എതിർപ്പിൻമേൽ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ നിന്നും വിട്ടു നിൽകുകയായിരുന്നു. മറ്റുള്ളവരുടെ പറമ്പിലെ പുല്ല് കണ്ട് പശുവിനെ വളർത്തുന്ന സ്വഭാവം ഇനിയെങ്കിലും എം.എൽ.എ അവസാനിപ്പിക്കണം.
മോൻസ് ജോസഫിനെതിരെയുള്ള ജനവിധി കൂടിയാവും തെരഞ്ഞെടുപ്പു ഫലം.
തെരഞ്ഞെടുപ്പ് ഫലം എതിരാകുമ്പോൾ എംഎൽഎ സ്ഥാനം രാജിവെക്കാനുള്ള ആർജ്ജവം ഉണ്ടോ എന്ന് മോൻസ് ജോസഫ് വ്യക്തമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. എൽ.ഡി.എഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടൻ വൻ ലീഡ് നേടുമെന്ന് യോഗം വിലയിരുത്തി. യൂത്ത് ഫ്രണ്ട് (എം)നിയോജകമണ്ഡലം പ്രസിഡണ്ട് ബിബിൻ വെട്ടിയാനിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ വിലയിരുത്തി. ജില്ലാ പ്രസിഡൻ്റ് എൽബി അഗസ്റ്റിൽ ജില്ലാ സെക്രട്ടറി വിനു കുര്യൻ, സംസ്ഥാന കമ്മറ്റിയംഗങ്ങളായ ലിജു മേക്കട്ടേൽ, ഷിജോ ചെന്നേലി നിയോജകമണ്ഡലം ഭാരവാഹികളായ പ്രവീൺ പോൾ ജോർജ് പലയ്ക്കത്തടം അനിഷ് വഴപ്പള്ളി അരുൺ ഇന്തും തോട്ടത്തിൽ അരുൺ കുമാർ തുടങ്ങിയവർ സംസാരിച്ചു.