Kerala
കള്ളടി പിടിക്കാൻ വന്നപ്പോൾ ജീവനക്കാർ കൂട്ടലീവെടുത്ത് ജീവനും കൊണ്ട് ഓടി രക്ഷപെട്ടു:ഗതാഗത മന്ത്രിയുടെ മണ്ഡലത്തിലെ കള്ള് പിടി കഥയിങ്ങനെ
കൊല്ലം: ഗതാഗതമന്ത്രി കെ.ബി. ഗണേഷ്‌കുമാറിന്റെ മണ്ഡലത്തിലെ കെ.എസ്.ആര്‍.ടി.സി. ഡിപ്പോയില്‍ കൂട്ടഅവധി. പത്തനാപുരം ഡിപ്പോയില്‍ 15 സര്‍വീസുകള്‍ മുടങ്ങി. മദ്യപിച്ച് ജോലിക്കെത്തുന്നവരെ കണ്ടെത്താന്‍ കെ.എസ്.ആര്‍.ടി.സി. വിജിലന്‍സ് വിഭാഗം ഡിപ്പോയില്‍ പരിശോധന നടത്തിയിരുന്നു. ഇതിനിടെയാണ് 12 ജീവനക്കാര്‍ അവധിയെടുത്തത്.
മുന്നറിയിപ്പില്ലാതെയാണ് ജീവനക്കാര്‍ കൂട്ടഅവധി എടുത്തത്. സംഭവത്തില്‍ പ്രതികരിക്കാന്‍ ഡിപ്പോയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ തയ്യാറായില്ല. വിജിലന്‍സ് നടത്തിയ പരിശോധനയില്‍ മൂന്നുപേരെ പിടികൂടിയിരുന്നു. ഇതറിഞ്ഞാണ് 12 പേര്‍ അവധിയെടുത്തത്.
ജീവനക്കാര്‍ കൂട്ടഅവധി എടുത്തതിനെത്തുടര്‍ന്ന് യാത്രക്കാര്‍ പെരുവഴിയിലായി. മലയോരമേഖലയിലേക്കുള്ള സര്‍വീസുകളാണ് മുടങ്ങിയത്. അകാരണമായാണ് ജീവനക്കാര്‍ അവധിയെടുത്തതെന്നും ഇവര്‍ക്കെതിരെ നടപടിയുണ്ടാവുമെന്നും മന്ത്രിയുടെ ഓഫീസ് അറിയിച്ചു. വിശദീകരണം തേടിയശേഷം സസ്പെന്‍ഷന്‍ അടക്കമുള്ള നടപടികളുണ്ടാവും.