Kerala
കോട്ടയം ലോക്സഭാ മണ്ഡലത്തിൽ അസന്നിഹിത വോട്ടർമാർക്കുള്ള വോട്ടെടുപ്പിൽ വീട്ടിൽ വോട്ട് ചെയ്തത് 11658 പേർ
കോട്ടയം: കോട്ടയം ലോക്സഭാ മണ്ഡലത്തിൽ അസന്നിഹിത വോട്ടർമാർക്കുള്ള വോട്ടെടുപ്പിൽ വീട്ടിൽ വോട്ട് ചെയ്തത് 11658 പേർ. 85 വയസു പിന്നിട്ടവർക്കും ഭിന്നശേഷിക്കാർക്കുമാണ് വീട്ടിൽ വോട്ടിന് സൗകര്യമൊരുക്കിയിരുന്നത്. 85 വയസു പിന്നിട്ട 8982 പേരും ഭിന്നശേഷിക്കാരായ 2676 പേരുമാണ് വോട്ട് ചെയ്തത്. 85 വയസ് പിന്നിട്ട, ഭിന്നശേഷി വിഭാഗത്തിൽ വീട്ടിൽ തന്നെ വോട്ട് രേഖപ്പെടുത്തുന്നതിനായി നൽകിയ 12 ഡി അപേക്ഷകളിൽ 12,082 എണ്ണമാണ് വരണാധികാരി അംഗീകരിച്ചത്.
ഇതിൽ 9321 അപേക്ഷകർ 85 വയസു പിന്നിട്ടവരും 2761 പേർ ഭിന്നശേഷിക്കാരുമായിരുന്നു. വീട്ടിൽ വോട്ട് ഏപ്രിൽ 25നാണ് പൂർത്തിയായത്.
അവശ്യസർവീസിൽപ്പെട്ടവരിൽ 307 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. ഈ വിഭാഗത്തിൽപ്പെട്ട 575 പേരുടെ 12 ഡി അപേക്ഷകളാണ് വരണാധികാരി അംഗീകരിച്ചിരുന്നത്.
സംസ്ഥാനത്ത് പൊലീസ്, അഗ്നിരക്ഷാസേന, ജയിൽ, എക്‌സൈസ്, മിൽമ, ഇലക്ട്രിസിറ്റി, ജലഅതോറിറ്റി, കെ.എസ്.ആർ.ടി.സി., ട്രഷറി, ആരോഗ്യ സർവീസസ്, വനം, കേന്ദ്ര സർക്കാർ സ്ഥാപനങ്ങളായ ഓൾ ഇന്ത്യ റേഡിയോ, ദൂരദർശൻ, ബി.എസ്.എൻ.എൽ, റെയിൽവേ, പോസ്റ്റ് ആൻഡ് ടെലഗ്രാഫ്, മാധ്യമപ്രവർത്തകർ, കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് എന്നിവയെയാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ അവശ്യസർവീസിൽ ഉൾപ്പെടുത്തിയിരുന്നത്. 85 വയസിൽ കൂടുതലുളളവർ, ഭിന്നശേഷിക്കാർ, അവശ്യസർവീസ് വിഭാഗങ്ങളിലായി കോട്ടയം ലോക്‌സഭാമണ്ഡലത്തിൽ അംഗീകരിച്ച 12657 അപേക്ഷകളിൽ 11965 പേരാണ് വോട്ട് ചെയ്തത്.