Kerala

വരമ്പിനകം നിവാസികളുടെ പ്രതിഷേധം ഇരമ്പുന്നു;ഇത്തവണ വോട്ടെടുപ്പ് ബഹിഷ്‌ക്കരിക്കുന്നു

Posted on

കോട്ടയം: അയ്മനം ഗ്രാമപഞ്ചായത്തിൽപ്പെട്ട വരമ്പിനകം നിവാസികൾ വോട്ടെടുപ്പ് ബഹിഷ്കരിക്കുന്നു. പഞ്ചായത്തിലെ 19, 20 വാർഡുകളെ ബന്ധിപ്പിക്കുന്ന തൊള്ളായിരം പാലത്തിന്റെ അപ്രോച്ച് റോഡ് പണി പൂർത്തിയാക്കാത്തതിൽ പ്രതിഷേധിച്ചാണ് ഇരുപതാം വാർഡിൽപെട്ട വരമ്പിനകം പ്രദേശത്തെ വോട്ടർമാർ ഇത്തവണത്തെ ലോക്സഭാ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ ഒരുങ്ങുന്നത്. 2003ൽ പണി പൂർത്തിയാക്കിയ തൊള്ളായിരം പാലത്തിന്റെ ഇരുവശങ്ങളിലേക്കുമുള്ള അപ്രോച്ച് റോഡ് പണിയാതെ വന്നതോടു കൂടിയാണ് ഈ പ്രദേശത്തുള്ളവർക്ക് യാത്രാക്ലേശം രൂക്ഷമായത്. റോഡ് ഗതാഗതം അന്യമായിരുന്ന ഇവിടുത്തുകാർ ജലഗതാഗതത്തെയാണ് കൂടുതലായി ആശ്രയിച്ചിരുന്നത്. എന്നാൽ, തോടുകളിൽ പോള നിറഞ്ഞതോടെ ജലഗതാഗതവും ബുദ്ധിമുട്ടിലായി.

സ്കൂളുകളിലേക്ക് പോകുന്ന വിദ്യാർത്ഥികളെ കയറ്റാനായി സ്കൂൾ ബസുകൾ ഒന്നും തന്നെ വരമ്പിനകത്തേയ്ക്ക് എത്താത്തത് ദുരിതം ഇരട്ടിയാക്കി. രോഗികളെയും മറ്റും ആശുപത്രിയിൽ എത്തിക്കുവാനും ബുദ്ധിമുട്ടാണ്. റോഡ് സഞ്ചാരയോഗ്യമല്ലാത്തതിനാൽ, ഓട്ടോറിക്ഷകൾ ഓട്ടം വിളിച്ചാൽ വരാത്ത സാഹചര്യമാണുള്ളത്. നൂറ് രൂപയുടെ ഓട്ടം പോയാൽ ഇരുനൂറ് രൂപയുടെ പണി വണ്ടിയ്ക്ക് ഉണ്ടാകുമെന്നാണ് ഓട്ടോ ഡ്രൈവർമാർ പറയുന്നത്‌.

ഈ സാഹചര്യത്തിലാണ് പലതവണ പലതരത്തിലുള്ള സമരങ്ങൾ നടത്തിയിട്ടും ഗതാഗതയോഗ്യമായ റോഡ് എന്ന തികച്ചും മാനുഷികവും അടിസ്ഥാനപരവുമായ ആവശ്യം നിറവേറ്റാത്തതിൽ പ്രതിഷേധിച്ച് ഇത്തവണ വോട്ട് ചെയ്യാനില്ല എന്ന തീരുമാനത്തിൽ പ്രദേശത്തുകാർ എത്തിയിരിക്കുന്നത്.
വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ എത്തി, ഇവരെ അനുനയിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ഇവർ വഴങ്ങിയിട്ടില്ല. ഈ തെരഞ്ഞെടുപ്പ് ബഹിഷ്കരണ സമരത്തോടു കൂടിയെങ്കിലും വരമ്പിനകംകാരുടെ റോഡ് എന്ന സ്വപ്നം പൂവണിയുമെന്ന് പ്രത്യാശിക്കാം.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version