Kerala
ആറ് വർഷം മുമ്പ് മരിച്ച അന്നമ്മയുടെ വോട്ട് മരുമകൾ ചെയ്തതിനെ തുടർന്ന് രണ്ട് പോളിങ് ഓഫീസര്‍മാരെയും ബിഎല്‍ഒയെയും സസ്‌പെന്‍ഡു ചെയ്തു
പത്തനംതിട്ട: ആറന്മുള നിയോജക മണ്ഡലത്തില്‍ കള്ളവോട്ടു നടന്നെന്ന എല്‍ഡിഎഫിന്റെ പരാതിയില്‍, രണ്ട് പോളിങ് ഓഫീസര്‍മാരെയും ബിഎല്‍ഒയെയും സസ്‌പെന്‍ഡു ചെയ്തു. ബിഎല്‍ഒ അമ്പിളി ദേവി, പോളിങ് ഓഫിസര്‍മാരായ ദീപ, കല എസ്. തോമസ് എന്നിവര്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചത്. മരിച്ചയാളുടെ വോട്ട് മരുമകള്‍ രേഖപ്പെടുത്തിയെന്നാണ് പരാതി. വീഴ്ച ബോധ്യപ്പെട്ട സാഹചര്യത്തില്‍ ഈ വോട്ട് അസാധുവായി കണക്കാക്കും.
ആറു വര്‍ഷം മുന്‍പ് മരിച്ചുപോയ അന്നമ്മ എന്നയാളുടെ വോട്ട് മരുമകള്‍ അന്നമ്മ രേഖപ്പെടുത്തിയെന്നാണ് പരാതി. ഇതുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടര്‍ നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണ് നടപടി. വോട്ട് അസാധുവാക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മിഷന് റിപ്പോര്‍ട്ട് നല്‍കുമെന്നും കലക്ടര്‍ അറിയിച്ചു. എന്നാല്‍ സീരിയല്‍ നമ്പര്‍ മാറിപ്പോയതാണെന്നും അബദ്ധവശാല്‍ വോട്ടു മാറി ചെയ്തതാണെന്നുമാണ് അന്നമ്മയുടെ വീട്ടുകാരും യുഡിഎഫും നല്‍കുന്ന വിശദീകരണം.
കാസര്‍കോട് ലോക്സഭ മണ്ഡലത്തിലെ കല്യാശേരി പാറക്കടവില്‍ 92 കാരി കെ.ദേവിയുടെ വോട്ട് സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി രേഖപ്പെടുത്തിയതിന്റെ സിസി ടിവി ദൃശ്യങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. സംഭവം വിവാദമായതോടെ, പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്യുകയായിരുന്നു. കള്ളവോട്ട് ചെയ്തയാള്‍ക്കെതിരെ കേസെടുക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. കണ്ണൂരിലും കള്ളവോട്ട് ആരോപണം ഉന്നയിച്ച് എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചിട്ടുണ്ട്.