കോട്ടയം :പാലായ്ക്കടുത്ത് രാമപുരം പഞ്ചായത്തിലെ ഏഴാച്ചേരിയിൽ വ്യാപക മോഷണശ്രമം .കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം. വീട്ടുകാർ ഉണർന്നുവന്നപ്പോഴേക്കും മോഷ്ടാക്കൾ കടന്നുകളയുകയായിരുന്നു.ഏഴാച്ചേരി ഗാന്ധിപുരം ഭാഗത്ത് പുളിയാനിപ്പുഴയിൽ ജിതിൻ്റെ മുപ്പതിനായിരം രൂപ വിലയുള്ള സ്പോർഡ്‌സ് സൈക്കിളാണ് മോഷണം പോയത്. മെയിൻ റോഡിനോടു ചേർന്നാണ് ജിതിൻ്റെ വീട്. ഇവിടെ മുറ്റത്തുവച്ചിരുന്ന സൈക്കിളാണ് മോഷ്ടിക്കപ്പെട്ടത്.
ഏഴാച്ചേരി ജീവിയുപി സ്‌കൂളിനും കുരിശുപള്ളിക്കും ഇടയിലുള്ള ഭാഗത്താണ് വ്യാപകമായ മോഷണശ്രമം നടന്നത്. ചെട്ടിയാകുന്നേൽ ജോബിയുടെ കാർ മോഷ്ടിക്കാനുള്ള ശ്രമം വീട്ടുകാർ ഉണർന്നതോടെ വിഫലമാവുകയായിരുന്നു.
കഴിഞ്ഞ ദിവസം പുലർച്ചെ നാലരയോടെയായിരുന്നു സംഭവം. വീട്ടുമുറ്റത്ത് ഇട്ടിരുന്ന കാറിൻ്റെ ഡോർ വലിച്ചുതുറക്കാൻ നടത്തുന്ന ശബ്ദം കേട്ട് ജോബി ഉണർന്നുവന്നപ്പോഴേക്കും മോഷ്ടാക്കൾ ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു.
കളരിക്കൽ ഹരിയുടെ ബൈക്ക് വീട്ടുമുറ്റത്തുനിന്നിറക്കി റോഡിൽ കൊണ്ടുവന്നു. ഈ സമയം ശബ്ദം കേട്ട് വീട്ടുകാർ ഉണർന്നതോടെ കള്ളൻമാർ കടന്നുകളയുകയായിരുന്നു.ചേലയ്ക്കൽ ഹരികൃഷ്ണൻ്റെ സ്‌കൂട്ടറും മോഷ്ടിക്കാൻ ശ്രമം നടന്നു. സ്‌കൂട്ടറിന്റെ ബാറ്ററി ഭാഗം ഊരിമാറ്റിയ നിലയിലായിരുന്നു.