കോട്ടയം. കഴിഞ്ഞ 45 വര്‍ഷമായിട്ട് പി.ജെ ജോസഫിനോടൊപ്പം വിശ്വസ്തതയും ഒരു ഉത്തരവാദിത്വമുള്ള പാര്‍ട്ടി പ്രവര്‍ത്തകനായിട്ട് പല നിര്‍ണ്ണായക പ്രതിസന്ധി ഘട്ടങ്ങളിലും കൂടെ നിന്ന് ഞാന്‍ പ്രവര്‍ത്തിച്ചു.
സംസ്ഥാന കമ്മിറ്റിയംഗം, പേരാമ്പ്ര നിയോജക മണ്ഡലം പ്രസിഡന്റ്, കോഴിക്കോട് ജില്ലാ സെക്രട്ടറി, ഓഫീസ് ചാര്‍ജ്ജ് ജനറല്‍ സെക്രട്ടറി, 1991 മുതല്‍ 15 വര്‍ഷം കോഴിക്കോട് ജില്ലാ പ്രസിഡന്റ്, 1997-ല്‍ 22 അംഗ സംസ്ഥാന വര്‍ക്കിംഗ് കമ്മിറ്റി മെമ്പര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി, പാര്‍ട്ടി ഉന്നതാധികാര സമിതിയംഗം, നിലവില്‍ സംസ്ഥാന സീനിയര്‍ വൈസ് ചെയര്‍മാനായി രണ്ടാം വട്ടവും പ്രവര്‍ത്തിച്ചു വരുന്നു.
2019-ല്‍ കോട്ടയം പാര്‍ലമെന്റ് സീറ്റിനു വേണ്ടി മാണിസാറുമായി അനാവശ്യ തര്‍ക്കമുണ്ടാക്കി പാര്‍ട്ടിയെ രണ്ടാക്കിപിളര്‍ത്തി. 2024-ല്‍ കോട്ടയം പാര്‍ലമെന്റ് സീറ്റ് പാര്‍ട്ടിക്ക് കിട്ടിയപ്പോള്‍ കോട്ടയത്തിന് പുറത്തുള്ള ആളെ സ്ഥാനാര്‍ത്ഥിയായി ഇറക്കുമതി ചെയ്തു.കോട്ടയം സീറ്റ് എക്കാലത്തും മാണി ഗ്രൂപ്പിന് അവകാശ പ്പെട്ടതായിരുന്നു. മാണി സാറിന്റെ മരണ ശേഷം ചില കോണ്‍ഗ്രസ് നേതാക്കളെ കൂട്ടുപിടിച്ച് യു.ഡി.എഫില്‍ നിന്ന് കേരള കോണ്‍ഗ്രസ് (എം) -നെ പുറത്താക്കി ഇല്ലായ്മ ചെയ്യുക യായിരുന്നു അതിലെ ഗൂഡലക്ഷ്യം.ഇതുമൂലം യു.ഡി.എഫിന് -ന് ലഭിക്കുമായിരുന്ന ഭരണം നഷ്ടമായി എന്നു മാത്രമല്ല യു.ഡി.എഫിന് തകര്‍ച്ചയും ഉണ്ടായി.
2024-ലെ ലോക്‌സഭ സീറ്റ് പാര്‍ട്ടിക്ക് ലഭിച്ചപ്പോള്‍ ചര്‍ച്ച ഇല്ലാതെ കോട്ടയത്തെ വോട്ടറല്ലാത്ത ഒരാളായ ഫ്രാന്‍സീസ് ജോര്‍ജ്ജിനെ സ്ഥാനാര്‍ത്ഥിയാക്കി. പി.ജെ ജോസഫിന്റെ വിശ്വസ്തനായി ഇടുക്കി എം.പി. ആയി പ്രവര്‍ത്തിച്ച വ്യക്തി യാതൊരു മനസ്സാക്ഷി കുത്തുമില്ലാതെ പാര്‍ട്ടിയെ പിളര്‍ത്തി പുതിയ പാര്‍ട്ടി ഉണ്ടാക്കി, പി.ജെ ജോസഫ് നിലകൊണ്ട മുന്നണിക്കെതിരെ ഇടുക്കി നിയമസഭയിലേയ്ക്ക് മത്സരിച്ച് പരാജയപെട്ട നെറികെട്ട രാഷ്ട്രീയത്തിനുടമയാണ് കോട്ടയത്തെ യു.ഡി.എഫിന്റെ പാര്‍ലമെന്റ് സ്ഥാനാര്‍ത്ഥി.
കേരള കോണ്‍ഗ്രസ് എക്കാലത്തും കര്‍ഷകര്‍ക്കു വേണ്ടി നിലകൊണ്ടിരുന്ന പാര്‍ട്ടിയാണ്. മലയോര കര്‍ഷകര്‍ ഏറ്റവും കൂടുതല്‍ പ്രതിസന്ധികളെ നേരിടുന്ന ഈ കാലഘട്ടത്തില്‍ ബഫര്‍സോണ്‍, വന്യജീവി ആക്രമണം, പട്ടയ പ്രശ്നം, റബര്‍ നാളികേരമടക്കമുള്ള കാര്‍ഷിക പ്രശ്നങ്ങളില്‍ കര്‍ഷകര്‍ക്കു വേണ്ടി ശബ്ദിക്കാനോ ,ശക്തമായ സമര മുറകള്‍ സ്വീകരിക്കാനോ പാര്‍ട്ടിതയ്യാറായില്ല. റബര്‍ ലോങ് മാര്‍ച്ച് എന്ന പേരില്‍ കടുത്തുരുത്തിയില്‍ നിന്ന് കോട്ടയത്തേയ്ക്ക് മോന്‍സ് ജോസഫ് നടത്തിയ മാര്‍ച്ച് വെറും പ്രഹസനമായിമാറുകയും, സമരത്തിന്റെ പ്രസക്തിയെതന്നെ നഷ്ട്ടമാക്കി ഒരു വ്യക്തി അധിഷ്ടിത മാര്‍ച്ചായി അതിനെ മാറ്റി. പാര്‍ട്ടിയുടെ ഇന്നത്തെ സാഹചര്യത്തില്‍ മോന്‍സ് ജോസഫും, അപു ജോസഫും നടത്തുന്ന നീക്കങ്ങളില്‍ പി.ജെ ജോസഫ് നിസഹായകനാണ്.
കേരള കോണ്‍ഗ്രസിന്റെ അടിസ്ഥാന മൂല്യങ്ങളും, ആശയങ്ങളും മറന്നുപോയ തകര്‍ന്നുകൊണ്ടിരിക്കുന്ന ഒരു പാര്‍ട്ടിയുടെ വൈസ് ചെയര്‍മാനായി ഇനി തുടരുവാന്‍ താല്പര്യമില്ലാത്തതിനാല്‍ ഞാന്‍ രാജിവെക്കുന്നു.