കോട്ടയം : സ്ഥാനാർത്ഥിയുടെ ചിഹ്നമോ പേരോ പരാമർശിക്കാതെ ഇൻഡ്യാ മുന്നണിക്ക് വോട്ട് ചെയ്യണമെന്ന് കോട്ടയത്ത് പ്രസംഗിച്ച രാഹുൽഗാന്ധിയുടെ നിലപാട് വസ്തുതാപരവും സ്വാഗതാർഹവുമാണെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി.കോട്ടയത്ത് എത്തിയ രാഹുൽ ഗാന്ധിയുടെ പ്രസംഗത്തെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സിപിഎം,സിപിഐ,കേരള കോൺഗ്രസ് എം അടങ്ങുന്ന കേരളത്തിലെ ഇടതുപക്ഷം ബിജെപിക്കെതിരായി രാഷ്ട്രീയ യുദ്ധം നയിക്കുന്ന ഇൻഡ്യാ മുന്നയുടെ അവിഭാജ്യ ഘടകമാണ് .ഇൻഡ്യാ മുന്നണിയുടെ രൂപീകരണം മുതൽ തോമസ് ചാഴികാടനും മുന്നണിയുടെ പ്രചാരണസമിതി അംഗമെന്ന നിലയിൽ താനും അതിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നവരാണ്. ഇൻഡ്യാ മുന്നണി ലോകസഭയിൽ നടത്തിയ കൂട്ടായ പ്രവർത്തനങ്ങളുടെയും പ്രക്ഷോഭങ്ങളുടെയും മുൻപന്തിയിൽ ഇടതുപക്ഷത്തിൻ്റെ വ്യക്താവായി തോമസ് ചാഴികാടൻ ഉണ്ടായിരുന്നു എന്ന വസ്തുത രാഹുൽഗാന്ധിക്ക് നേരിട്ട് ബോധ്യമുള്ള കാര്യമാണ്.ഇത് ഉൾക്കൊണ്ടുകൊണ്ടാണ് സ്ഥാനാർത്ഥിയുടെ പേര് എടുത്തു പറയാതെ അദ്ദേഹം വോട്ട് അഭ്യർത്ഥിച്ചത് എന്നുവേണം മനസ്സിലാക്കാൻ.
മാത്രമല്ല ജോസഫ് ഗ്രൂപ്പിൻ്റെ സ്ഥാനാർത്ഥി തിരഞ്ഞെടുപ്പിന് ശേഷം എന്തു രാഷ്ട്രീയ നിലപാട് സ്വീകരിക്കുമെന്ന ആശങ്ക യുഡിഎഫ് പ്രവർത്തകർക്കും നേതാക്കൾക്കുമിടയിൽ വ്യാപകമാണ്. നിരവധി തവണ പാർട്ടിയും മുന്നണികളും മാറി രാഷ്ട്രീയ ചാഞ്ചാട്ടം നടത്തിയിട്ടുള്ളയാളാണ് ഇപ്പോഴത്തെ യു ഡി എഫ് സ്ഥാനാർത്ഥിയെന്ന കാഴ്ചപ്പാടാണ് ജനങ്ങൾക്കുമുള്ളത്.ബിജെപിയെ അധികാരത്തിൽനിന്നുമിറക്കുന്നതിനായി ഉറച്ച മതേതര ജനാധിപത്യ നിലപാടുകളുള്ള ഇൻഡ്യാ മുന്നണിയുടെ രാഷ്ട്രീയ വിജയത്തിനായി വോട്ട് ചെയ്യണമെന്ന രാഹുൽഗാന്ധിയുടെ അഭ്യർത്ഥന മാനിക്കുന്നവർ ഇത്തവണയും തോമസ് ചാഴികാടനെ പാർലമെന്റിലെത്തിക്കുമെന്ന ഉത്തമ വിശ്വാസമാണുള്ളതെന്നും ജോസ് കെ മാണി പറഞ്ഞു.