Kerala
തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ഇത്തവണയും തൃശൂർ പൂരം കൂടാനെത്തും
തൃശ്ശൂർ : തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ഇത്തവണയും പൂരം കൂടാനെത്തും. രാമചന്ദ്രൻ ഫിറ്റ്നസ് ടെസ്റ്റ് പാസായി.സെൻട്രൽ സർക്കിൾ സോഷ്യൽ ഫോറസ്ട്രി കൺസർവേറ്റർ അനുമതിയ്ക്കായ് ശുപാർശ ചെയ്തു.
പൂരദിവസം നെയ്തലക്കാവിലമ്മയെ പുറത്തേറ്റിയായിരിക്കും രാമന്റെ വരവ്. നെയ്തലക്കാവിലമ്മയുമായെത്തി വടക്കുന്നാഥക്ഷേത്രത്തിന്റെ തെക്കേ ഗോപുര വാതിൽ തുറന്ന് പൂരത്തിനു തുടക്കമിടുന്നത് എറണാകുളം ശിവകുമാറായിരിക്കും.
എട്ടുമണിയോടെയാണ് നെയ്തലക്കാവിലമ്മ ക്ഷേത്രത്തിൽനിന്ന് പുറത്തിറങ്ങുക. പതിനൊന്നുമണിക്കുമുൻപായി രാമചന്ദ്രൻ നെയ്തലക്കാവിലമ്മയുമായി റൗണ്ടിൽ പ്രവേശിക്കും. കഴിഞ്ഞതവണ അയ്യന്തോൾ ദേവി പാമ്പാടി രാജന്റെ പുറത്തേറിയാണ് എത്തിയത്.
ആന ഉടമകളുടെ സമ്മർദ്ദത്തെ തുടർന്നാണ് രാമനെ പൂരത്തിൽ പങ്കെടുപ്പിക്കാനുള്ള വഴിതുറന്നത്.വെറ്ററിനറി ഡോക്ടർമാരുടെ നേതൃത്വത്തിലുള്ള സംഘം രാമചന്ദ്രനെ പരിശോധിച്ച ശേഷമാണ് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകിയത്.