Kerala
അയൽവാസിയെ പേപ്പർ കട്ടിംഗ് ബ്ലേഡ് ഉപയോഗിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ സഹോദരന്മാർ ഉൾപ്പടെ നാലുപേർ പിടിയിൽ
ഗാന്ധിനഗർ : അയൽവാസിയായ യുവാവിനെ കട്ടിംഗ് ബ്ലേഡ് ഉപയോഗിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ആർപ്പൂക്കര ചീപ്പുങ്കൽ ഭാഗത്ത് നെടുമ്പുറം വീട്ടിൽ നിബിൻ എന്ന് വിളിക്കുന്ന ഐസക്ക് കെ. മാത്യു (30), ഇയാളുടെ സഹോദരൻ എബിൻ കെ. മാത്യു (28), ആർപ്പൂക്കര ചീപ്പുങ്കൽ ഭാഗത്ത് ഒറ്റക്കപ്പലുമാവുങ്കൽ വീട്ടിൽ ജസ്റ്റിൻ ആന്റണി (28), ആർപ്പൂക്കര ചീപ്പുങ്കൽ ഭാഗത്ത് ഒറ്റക്കപ്പലുമാവുങ്കൽ വീട്ടിൽ ഡിവിൻ തോമസ് (29) എന്നിവരെയാണ് ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തത്.
ഇവർ സംഘം ചേർന്ന് കഴിഞ്ഞദിവസം രാത്രി 09.30 മണിയോടുകൂടി അയൽവാസിയായ യുവാവിനെ പേപ്പർ കട്ടിങ് ബ്ലേഡ് ഉപയോഗിച്ച് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ഇവർക്ക് അയൽവാസിയോട് മുൻ വൈരാഗ്യം നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് ഇയാളെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്.
പരാതിയെ തുടർന്ന് ഗാന്ധിനഗർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ തിരച്ചിലില്‍ നാലുപേരെയും പിടികൂടുകയുമായിരുന്നു. ഗാന്ധിനഗർ സ്റ്റേഷൻ എസ്.എച്ച്.ഓ കെ.സിനോദ്, എസ്.ഐ മാരായ രൂപേഷ്, മനോജ്, എ.എസ്.ഐ പത്മകുമാർ, സി.പി.ഓ മാരായ അജികുമാർ, സെബാസ്റ്റ്യൻ, ജോർജ്, സ്മിജിത്ത്, നവീൻ എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ നാല് പേരെയും റിമാൻഡ് ചെയ്തു.