Kerala
വികസനം വേണം പക്ഷെ വികസനത്തിന്റെ പേരിൽ ഞങ്ങൾ മലജലം കുടിക്കണോ;വലവൂർ ട്രിപ്പിൾ ഐ ടി യിലെ കക്കൂസ് മാലിന്യങ്ങൾ കുടിവെള്ളത്തിൽ കലർന്നത് മൂലം കുടിവെള്ളം മുട്ടി ഇവിടെ കുറെ മനുഷ്യർ
കോട്ടയം :വികസനം നമ്മുടെ നാട്ടിൽ വന്നോട്ടെ ശരി തന്നെ പക്ഷെ ഞങ്ങടെ കുടിവെള്ളത്തിൽ ഇവർ മലം കലക്കിയാലോ ..?ഞങ്ങൾ എങ്ങനെ ജീവിക്കും .ഇതേ നോക്ക് ദേഹം മുഴുവൻ പൊട്ടി അളിഞ്ഞു മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.എന്നിട്ടും അധികാരികൾ കണ്ണ് തുറക്കുന്നില്ല പറയുന്നത് കരൂർ പഞ്ചായത്തിലെ വലവൂർ ട്രിപ്പിൾ ഐ ടി ക്കു അടുത്തുള്ള 13 ഓളം വീട്ടുകാരാണ്.റോയി തോമസ് കുന്നേൽ;മിനി കോഴിമല ;അപ്പച്ചൻ മഞ്ഞളാങ്കൽ ഷിന്റോ കോഴിമല ഇവരെല്ലാം കുടിവെള്ള സ്രോതസ് മലിനീകരിക്കപ്പെട്ടതിനെ തുടർന്ന് ചികിത്സയിലാണ്.
വലവൂർ ട്രിപ്പിൾ ഐ ടി ക്കു സമീപം താമസിക്കുന്ന 13 ഓളം വീട്ടുകാർ എരപ്പംകുഴി തോട്ടിൽ തടയണ കെട്ടി വെള്ളം തടഞ്ഞു നിർത്തി.അതിൽ ഓസിട്ടാണ് കുടിക്കാനും കുളിക്കാനും;പാചകത്തിനും ഉപയോഗിക്കുന്നത്.എന്നാൽ ഏതാനും മാസം മുമ്പ് ഈ തടയണയുടെ മുകളിൽ ട്രിപ്പിൾ ഐ ടി യിലെ വിദ്യാർഥികൾ താമസിക്കുന്ന ഹോസ്റ്റലിലെ കക്കൂസ് മാലിന്യങ്ങൾ ഒഴുക്കുകയും ഇതറിയാതെ ഈ കുടിവെള്ളം ഉപയോഗിച്ച നാട്ടുകാർക്ക് സാംക്രമിക രോഗങ്ങൾ പിടിപെടുകയും ചെയ്തു .ഇതേ കുറിച്ച് മുഖ്യമന്ത്രിക്ക് വരെ പരാതികൾ സമർപ്പിച്ചെങ്കിലും തിരിച്ചുള്ള അന്വേഷണം പഞ്ചായത്ത് വഴിയാണ് വരുന്നത് .എന്നാൽ പഞ്ചായത്ത് അധികൃതർ നാട്ടുകാരുമായി ഇതേ കുറിച്ച് സംസാരിക്കാൻ കൂട്ടാക്കാതെ ധിക്കാരപൂർവ്വമായ പെരുമാറ്റമാണ് ഉണ്ടാവുന്നത് .
കരൂർ പഞ്ചായത്തിൽ പരാതി കൊടുത്തെങ്കിലും അവർ അന്വേഷിക്കാൻ കൂട്ടാക്കിയില്ല.അന്ത്യാളത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ പരാതി കൊടുക്കാൻ പോയപ്പോൾ സ്ഥലം വാർഡ് മെമ്പർ വത്സമ്മ തങ്കച്ചൻ ഇവരുടെ ഫോണിൽ വിളിച്ചു ഹെൽത്തിൽ പരാതി കൊടുക്കണ്ട ഇങ്ങു പോരെ പ്രശ്നം പരിഹരിക്കാം എന്ന് വിളിച്ചു പറഞ്ഞ കാര്യം റോയിയും ;അപ്പച്ചനും കോട്ടയം മീഡിയയോട് പറഞ്ഞു.
എന്നാൽ പരാതി കൊടുത്ത തങ്ങളെ എന്തോ അതിക്രമം ചെയ്ത പോലെയാണ് വാർഡ് മെമ്പർ വത്സമ്മ തങ്കച്ചൻ കാണുന്നതെന്ന് 13 ഓളം വ്വീട്ടുകാർ പറയുന്നു.നിങ്ങൾ ആരോട് ചോദിച്ചിട്ടാ പോലീസിൽ പരാതി കൊടുത്ത് .പോലീസിൽ പരാതി കൊടുത്തെങ്കിൽ നിങ്ങടെ കാര്യം പോലീസുകാർ നോക്കി കൊള്ളും എന്നൊക്കെ പറഞ്ഞു ആക്ഷേപിച്ചതായും ഇവിടെ താമസിക്കുന്നവർ കോട്ടയം മീഡിയായോട് പറഞ്ഞു.ഡി വൈ എസ് പി ക്കും മറ്റും പരാതി നൽകിയതാണ് പഞ്ചായത്ത് മെമ്പറെ പ്രകോപിപ്പിച്ചത് . അടുത്ത വാർഡിലെ മെമ്പർ ബെന്നി മുണ്ടത്താനം സ്ഥലത്ത് വന്നെങ്കിലും ഈ ഭാഗത്തുള്ളവരോട് ഇതേ കുറിച്ച് സംസാരിക്കാൻ കൂട്ടാക്കിയില്ലെന്നും നാട്ടുകാർക്ക് ആക്‌ഷേപമുണ്ട്.
കുറച്ചുനാൾ മുമ്പ് കുറച്ചാൾക്കാർ വന്നു ഇവർ വെള്ളമെടുക്കുന്ന തടയണ ഭാഗത്ത് ക്ളീൻ ആക്കുന്ന പ്രഹസനം നടത്തിയതായും നാട്ടുകാർ പറഞ്ഞു.ട്രിപ്പിൾ ഐ ടി യിലെ വിദ്യാർഥികൾ താമസിക്കുന്ന ഹോസ്റ്റലിലെ മലജലം സമീപ വാസികൾ കുടിക്കണമെന്ന ദാർഷ്ട്യത്തിനെതിരെ പാലാ കുരിശുപള്ളിക്കു മുൻപിൽ നിൽപ്പ് സമരം നടത്തുമെന്നും നാട്ടുകാർ ഒന്നടങ്കം കോട്ടയം മീഡിയയോട് പറഞ്ഞു.തെരെഞ്ഞെടുപ്പിൽ മത്സരിക്കുന്ന തോമസ് ചാഴികാടനും;ഫ്രാൻസിസ് ജോർജിനും;തുഷാർ വെള്ളാപ്പള്ളിക്കും ഇക്കാര്യത്തിലുള്ള നിലപാട് വ്യക്തമാക്കണമെന്നും 45 ഓളം വരുന്ന ഈ തൊഴിലാളി സമൂഹം ആവശ്യപ്പെടുകയാണ്.തങ്ങൾ നടത്തുന്ന ഈ അതിജീവന സമരത്തെ രാഷ്ട്രീയ പാർട്ടികളും;സന്നദ്ധ സംഘടനകളും ;പരിസ്ഥിതി സംഘടനകളും പിന്തുണയ്ക്കണമെന്നും നാട്ടുകാർ അഭ്യർത്ഥിച്ചു.