Kerala
ഗൂഗിൾപെ ഇല്ല;പെട്രോൾ അടിക്കണമെങ്കിൽ പണം വേണമെന്ന് ജീവനക്കാരൻ പറഞ്ഞത് പിടിച്ചില്ല; യുവാക്കൾ ജീവനക്കാരനെ പഞ്ഞിക്കിട്ടു
തലയോലപ്പറമ്പ് : പെട്രോൾ പമ്പ് ജീവനക്കാരനെയും, യുവാവിനെയും ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളൂർ വടകര കടവത്തുകുഴിയിൽ വീട്ടിൽ അജയ് സജി (25), വെള്ളൂർ വടകര കരോട്ടുതടത്തിൽ വീട്ടിൽ ആഷിക്.കെ.ബാബു (25) എന്നിവരെയാണ് തലയോലപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ ഇരുവരും ചേർന്ന് ഞായറാഴ്ച രാത്രി 11 മണിയോടുകൂടി തലയോലപ്പറമ്പ് ഇല്ലിത്തൊണ്ടിന് സമീപം പ്രവർത്തിക്കുന്ന പെട്രോൾപമ്പിൽ പെട്രോൾ അടിക്കാൻ എത്തിയ സമയം ഇവിടെ ഗൂഗിൾ പേ വർക്ക് ചെയ്യുന്നില്ല എന്നും, പണം നൽകിയാൽ പെട്രോൾ അടിക്കാമെന്ന് ജീവനക്കാരൻ പറഞ്ഞതിനെ തുടർന്ന്, ഇയാളെ ചീത്ത വിളിക്കുകയും,
മർദ്ദിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു. കൂടാതെ സ്ഥലത്തെത്തിയ ജീവനക്കാരന്റെ സുഹൃത്തായ ഉമ്മാംകുന്ന് സ്വദേശിയായ യുവാവിനെയും ഇവർ മർദ്ദിക്കുകയും, കൂർത്ത കമ്പി കഷണംകൊണ്ട് കുത്തി കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തു. തുടർന്ന് ഇവർ ബൈക്കിൽ സംഭവസ്ഥലത്തുനിന്ന് കടന്നുകളയുകയായിരുന്നു. പരാതിയെ തുടർന്ന് തലയോലപ്പറമ്പ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം നടത്തിയ ശക്തമായ തിരച്ചിലിൽ ഇരുവരെയും പിടികൂടുകയുമായിരുന്നു.
ആഷിക്കിന് തലയോലപ്പറമ്പ് സ്റ്റേഷനിലും, അജയ് സജിക്ക് തലയോലപ്പറമ്പ്, കടുത്തുരുത്തി എക്സൈസ് എന്നീ സ്റ്റേഷനുകളിലും ക്രിമിനൽ കേസുകൾ നിലവിലുണ്ട്. തലയോലപ്പറമ്പ് സ്റ്റേഷൻ എസ്.എച്ച്.ഓ ശിവകുമാർ കെ.എസ്, എസ്.ഐ ഷെറി എം.എസ്, എ.എസ്.ഐ ബിന്ദു, സി.പി.ഓ മാരായ ബിജു, പ്രദീപ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. ഇരുവരെയും കോടതിയിൽ ഹാജരാക്കി.