Kerala
യുഡിഎഫ് സ്ഥാനാർത്ഥി ഫ്രാൻസിസ് ജോർജിന് വേണ്ടി പരസ്യ ചിത്രം തയ്യാറാക്കിയ കേരള കോൺഗ്രസ് ജോസഫ് വിഭാഗം ജില്ലാ കമ്മിറ്റി അംഗം പാർട്ടിയിൽ നിന്നും രാജി വച്ചു
കോട്ടയം: യുഡിഎഫിൽ വീണ്ടും രാജി. യുഡിഎഫ് സ്ഥാനാർത്ഥി ഫ്രാൻസിസ് ജോർജിന് വേണ്ടി തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പരസ്യ ചിത്രം തയ്യാറാക്കിയ കേരള കോൺഗ്രസ് ജോസഫ് സാംസ്‌കാരിക സമിതി അംഗവും സിനിമാ താരവും കേരള കോൺഗ്രസ് ജില്ലാ കമ്മിറ്റി അംഗവുമായ സുനിൽ കുന്നപ്പള്ളിയാണ് രാജി വച്ചത്.
കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിലെ ഒരു വിഭാഗം നേതാക്കളുടെ വ്യക്തിപരമായ അധിക്ഷേപത്തെ തുടർന്നാണ് താൻ രാജി വയ്ക്കുന്നതെന്ന് സുനിൽ പറഞ്ഞു. കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിലെ ഒരു വിഭാഗം നേതാക്കൾ പാർട്ടിയെ ഹൈജാക്ക് ചെയ്യുകയും, പി.ജെ ജോസഫിനെ നോക്കുകുത്തിയാക്കി പാർട്ടിയെ ഏറ്റെടുക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. നിരവധി തവണ പാർട്ടി നേതാക്കളുടെ ഈ പ്രവർത്തനം സംബന്ധിച്ചു പി.ജെ ജോസഫിനോട് പരാതി പറഞ്ഞെങ്കിലും ഇതുവരെയും നടപടിയെടുക്കനോ മോശമായ പെരുമാറ്റം ഒഴിവാക്കാനോ അദ്ദേഹം നടപടി സ്വീകരിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് പി.ജെ ജോസഫിനോടുള്ള ബഹുമാനം നിലനിർത്തി തന്നെ രാജി വയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
നിലവിൽ മറ്റ് ഒരു രാഷ്്ട്രീയ പാർട്ടിയിലും ചേർന്ന് പ്രവർത്തിക്കുന്നതിനെപ്പറ്റി ആലോചിച്ചിട്ടില്ലന്നും അദ്ദേഹം പറഞ്ഞു. കേരള കോൺഗ്രസ് ജോസഫ് വിഭാഗം സ്ഥാനാർത്ഥി ഫ്രാൻസിസ് ജോർജിന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥമുള്ള പരസ്യ ചിത്രത്തിൽ അഭിനയിച്ച ആളാണ് സുനിൽ. സിനിമാ സാംസ്‌കാരിക മേഖലയിൽ പ്രവർത്തിച്ചിരുന്ന സുനിലിന്റെ രാജി യുഡിഎഫിന് വലിയ തിരിച്ചടിയായി മാറും. നിലവിൽ യുഡിഎഫ് ജില്ലാ കൺവീനർ സജി മഞ്ഞക്കടമ്പന്റെ രാജിയ്ക്ക് പിന്നാലെയാണ് ഇപ്പോൾ കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിലെ ജില്ലാ കമ്മിറ്റി അംഗത്തിന്റെ രാജി എത്തിയിരിക്കുന്നത്.