കോട്ടയം : കോട്ടയം പാർലമെൻറ് മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ.കെ ഫ്രാൻസിസ് ജോർജിൻ്റെ വിജയത്തിനുവേണ്ടി രാഷ്ട്രീയത്തിനതീതമായി പിന്തുണ നൽകുകയാണെന്ന് മുതിർന്ന കേരള കോൺഗ്രസ് ( എം ) നേതാവും മുൻ എംഎൽഎയുമായിരുന്ന പി .എം മാത്യു പ്രസ്താവിച്ചു .
യു ഡി എഫ് സ്ഥാനാർഥിയുടെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം കടുത്തുരുത്തി അസംബ്ലി മണ്ഡലത്തിലെ മരങ്ങാട്ടുപിള്ളി – കുറവിലങ്ങാട് യുഡിഎഫ് മണ്ഡലം കമ്മറ്റികളുടെ സംയുക്ത സഹകരണത്തോടെ കോഴായിലുള്ള മറുകര നിധീരി ഭവനാങ്കണത്തിൽ ചേർന്ന കുടുംബ സംഗമത്തിലാണ് മുൻ എംഎൽഎ പി. എം മാത്യു പിന്തുണ അറിയിച്ചത്.
കേരള കോൺഗ്രസ് സ്ഥാപക ചെയർമാനായിരുന്ന കെ. എം ജോർജിൻ്റെ പ്രിയപുത്രൻ അഡ്വ.കെ. ഫ്രാൻസിസ് ജോർജ് ,കോട്ടയം പാർലമെൻറ് മണ്ഡലത്തിൽ മത്സരിക്കുമ്പോൾ കേരള കോൺഗ്രസിനെ സ്നേഹിക്കുന്ന മുഴുവൻ ജനവിഭാഗങ്ങളും കക്ഷിരാഷ്ട്രീയ പരിഗണനകൾക്ക് അതീതമായി അഡ്വ. കെ ഫ്രാൻസിസ് ജോർജിൻ്റെ വിജയത്തിനുവേണ്ടി ഐക്യ മനോഭാവത്തോടെ സഹകരിക്കേണ്ട കാലഘട്ടമാണ് ഇതെന്നുള്ള നിലപാട് ഉയർത്തിപ്പിടിച്ചുകൊണ്ടാണ് താനുൾപ്പെടെയുള്ളവർ പിന്തുണ പ്രഖ്യാപിക്കുന്നതെന്ന് പി .എം മാത്യു വ്യക്തമാക്കി.
യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. കെ ഫ്രാൻസിസ് ജോർജിനെ യോഗത്തിൽ വെച്ച് പി .എം മാത്യു ഷാൾ അണിയിച്ച് അഭിവാദ്യമർപ്പിച്ചു.
കേരള കോൺഗ്രസ് എക്സിക്യൂട്ടീവ് ചെയർമാൻ അഡ്വ. മോൻസ് ജോസഫ് എംഎൽഎ യോഗം ഉദ്ഘാടനം ചെയ്തു. ജാതി-മത-രാഷ്ട്രീയ വേർതിരിവുകൾക്ക് അതീതമായി കോട്ടയം പാർലമെൻറ് മണ്ഡലത്തിലെ ജനങ്ങൾ രാജ്യത്തിൻ്റെ ഭാവിക്കും നാടിൻ്റെ വികസനത്തിനും വേണ്ടി യുഡിഎഫ് സ്ഥാനാർത്ഥിക്ക് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് മുന്നോട്ടുവരുന്നത് അഭിമാനകരമാണെന്ന് അഡ്വ. മോൻസ് ജോസഫ് എംഎൽഎ പ്രസ്താവിച്ചു.
യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. കെ ഫ്രാൻസിസ് ജോർജിന് പിന്തുണയുമായി കൂടുതൽ നേതാക്കൾ വരും ദിവസങ്ങളിൽ മുന്നോട്ട് വരുമെന്നും അഡ്വ. മോൻസ് ജോസഫ് എംഎൽഎ പറഞ്ഞു .
മരങ്ങാട്ടുപിള്ളി പഞ്ചായത്തിൽ പതിമൂന്നാം വാർഡിൽ കേരള കോൺഗ്രസ് (എം)ൽ നിന്ന് രാജിവെച്ച് വന്ന മുൻ ബാങ്ക് ബോർഡ് മെമ്പറും വാർഡ് പ്രസിഡണ്ടുമായ പോൾ ചേലയ്ക്കാപള്ളി ,ഒമ്പതാം വാർഡിൽ നിന്നും രാജിവെച്ച ജോസ് വർഗീസ് മറ്റത്തിൽ എന്നിവരെ അഡ്വ. മോൻസ് ജോസഫ് എംഎൽഎ ഷാൾ അണിയിച്ച് യുഡിഎഫിലേക്ക് സ്വീകരിച്ചു.
കോൺഗ്രസ് (ഐ) മരങ്ങാട്ടുപിള്ളി മണ്ഡലം പ്രസിഡൻറ് മാർട്ടിൻ പന്നിക്കോട്ടിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ യുഡിഎഫ് ജില്ലാ ചെയർമാൻ ഇ.ജെ ആഗസ്തി മുഖ്യപ്രഭാഷണം നടത്തി.
വിൻസെൻറ് ജെ നിധീരി, ജോയി ഇടത്തിനാൽ, തോമസ് കണ്ണന്തറ, ബേബി തൊണ്ടാംകുഴി , ജോർജ്ജ് പയസ്, എം.എൻ ദിവാകരൻ നായർ,എ.ജെ സാബു മണ്ണയ്ക്കനാട്, ആൻസമ്മ സാബു, ജോർജ് ചെന്നേലി, സാബു അഗസ്റ്റിൻ, ജോസ് പൊന്നുംവരിക്കൽ, ജോസ് ജെയിംസ് നിലപ്പന, ഔസേപ്പച്ചൻ വട്ടത്തോട്ടം, സിബി ചിറ്റക്കാട്ട് ,ജയിൻ തുണ്ടത്തിൽ എന്നിവർ പങ്കെടുത്ത് പ്രസംഗിച്ചു.