റമദാന്‍ മാസത്തിലെ മുപ്പത് ദിവസത്തെ വ്രതാമനുഷ്ഠാനത്തിന് പരിസമാപ്തികുറിച്ച് കൊണ്ടാണ് ലോകമെമ്പാടും മുസ്ലിങ്ങള്‍ ഈദ്-ഉൽ-ഫിത്തർ ആഘോഷിക്കുന്നത്. മലയാളികൾ ചെറിയ പെരുന്നാള്‍ എന്നാണ് പറയാറുള്ളത്. റമദാൻ 29 ന് ചന്ദ്രപ്പിറവി കണ്ടാല്‍ തൊട്ടടുത്ത ദിവസം അറബ് മാസം ശവ്വാൽ 1 ആരംഭിക്കും. അന്നാണ് ചെറിയ പെരുന്നാൾ ആഘോഷിക്കുന്നത്. ചെറിയ പെരുന്നാള്‍ ആശംസകള്‍ എന്ന് മലയാളികള്‍ പറയുമെങ്കിലും ഈദ് മുബാറക് എന്ന അറബി വാക്കും സാധാരണയായി ഉപയോഗിക്കാറുണ്ട്.റമദാന്‍ മാസത്തില്‍ 28,29 തിയ്യതികളില്‍ ചന്ദ്രനെ എപ്പോൾ കാണും എന്നതിനെ ആശ്രയിച്ചാണ് ചെറിയ പെരുന്നാള്‍ തിയ്യതി ഉറപ്പിക്കുന്നത്. അത് കൊണ്ട് തന്നെ പെരുന്നാള്‍ ആഘോഷിക്കുന്ന തീയതിയും സമയവും എല്ലാ രാജ്യങ്ങളിലും വ്യത്യസ്തമാണ്.
ചെറിയ പെരുന്നാള്‍ ആഘോഷം തുടങ്ങുന്നത് എപ്പോഴാണ്?
ഇസ്ലാമിക് കലണ്ടറിനെ അടിസ്ഥാനമാക്കിയാണ് ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നത്. റംസാന് 29 അല്ലെങ്കിൽ 30 ദിവസം കഴിഞ്ഞ് ചന്ദ്രന്‍ ആകാശത്ത് പ്രത്യക്ഷപ്പെട്ടാൽ ആണ് ചെറിയ പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കുക. ഇസ്ലാമിക് കലണ്ടര്‍ പ്രകാരം അറബ് മാസം തുടങ്ങുന്നത് ചന്ദ്രനെ കാണുന്നതിന്‍റെ അടിസ്ഥാനത്തിലാണ്. പരമ്പരാഗതമായി മുസ്‌ലിം ഭൂരിപക്ഷമുള്ള പല രാജ്യങ്ങളും സൗദി മത അധികാരികൾ നിശ്ചയിച്ച തീയതികൾ പിന്തുടരുന്നുണ്ടെങ്കിലും പിന്നീട് സ്വന്തം ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകളിലേക്ക് മാറി.
റമദാനിന് ശേഷം ചെറിയപെരുന്നാള്‍ എത്തുന്നതിന് കാരണം?
ലോകത്തെ 1.5 ബില്യൺ മുസ്‌ലിങ്ങളും പുണ്യമാസമായാണ് റമദാനിനെ കാണുന്നത്. പ്രഭാതം മുതൽ സന്ധ്യ വരെ ഉപവാസമെടുത്ത് പ്രാർത്ഥനയില്‍ മുഴുകും. പലപ്പോഴും കൊടും വേനല്‍ കാലത്ത് റമദാന്‍ എത്താറുണ്ട്. വിശ്വാസികളെ ദൈവത്തോട് കൂടുതൽ അടുപ്പിക്കാനും പട്ടിണി കിടക്കുന്നവന്‍റെ വില അറിയാനും വേണ്ടിയാണ് റമദാനില്‍ നോമ്പ് എടുക്കുന്നത്. ഭൗതികമായ എല്ലാ സുഖങ്ങളും ഉപേക്ഷിച്ച് ദൈവത്തിലേക്ക് അടുക്കാന്‍ സമയം മാറ്റി വെക്കുന്നതാണ് റമാദാന്‍ മാസം. ഇത്തരത്തില്‍ ഒരുമാസത്തെ വൃതാനുഷ്ടാനത്തിന് ശേഷമാണ് പെരുന്നാള്‍ ആഘോഷം എത്തുന്നത്.
ഈ വര്‍ഷത്തെ പെരുന്നാള്‍ എപ്പോഴാണ്?
റമദാന്‍ 28 ആയ ഇന്ന് രാത്രി 22 മെയ് ആകാശത്ത് ചന്ദ്രന്‍ പ്രത്യക്ഷപ്പെട്ടാല്‍ നാളെ ചെറിയ പെരുന്നാള്‍ ആകും. ഇന്ന് ചന്ദ്രനെ ആകാശത്ത് കണ്ടാല്‍ റമദാന്‍ വൃതം 29 ല്‍ അവസാനിപ്പിച്ച് വിശ്വാസികള്‍ ചെറിയ പെരുന്നാള്‍ ആഘോഷിക്കും.
എന്താണ് ഫിത്വർ സക്കാത്ത് നല്‍കുക എന്ന ചടങ്ങ്?
പെരുന്നാള്‍ നമസ്കാരത്തിന് മുമ്പ് വീട്ടിലുള്ളവർക്ക് കഴിക്കാനുള്ള ഭക്ഷണം മാറ്റിവെച്ച് ബാക്കിയുളളത് മുഴുവന്‍ ധര്‍മ്മം ചെയ്യുക എന്നതാണ് ഈ ചടങ്ങ് കൊണ്ട് ഉദേശിക്കുന്നത്. സാധാരണയായി ആ നാട്ടിലെ ഭക്ഷ്യ ധാന്യമാണ് ഫിത്വർ സകാത് നൽകേണ്ടത്. കേരളത്തില്‍ അരിയാണ് നല്‍കാറുള്ളത്. വീട്ടിലെ എല്ലാ അംഗങ്ങൾക്കും ഒരു സ്വാ വീതം ഇത്ഏകദേശം 2.400 കിലോഗ്രാം ഭക്ഷ്യ ധാന്യം വിതരണം ചെയ്യണം. വീട്ടില്‍ പുതുതായി ജനിച്ച കുഞ്ഞിന് ഉള്‍പ്പെടെ ഇത്തരത്തില്‍ ധര്‍മ്മം ചെയ്യണം എന്നാണ് ചടങ്ങ്.