Kerala

കോട്ടയത്ത് പൊതു സ്ഥലങ്ങളിൽ പതിച്ച പോസ്റ്ററുകൾ, ബാനറുകൾ എന്നിവയ്ക്കെതിരെ 1333 പരാതികൾ;29222 പ്രചരണ സാമഗ്രികൾ നീക്കം ചെയ്തു

Posted on

കോട്ടയം: ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റചട്ട ലംഘനങ്ങൾ പൊതുജനങ്ങൾക്ക് റിപ്പോർട്ട് ചെയ്യുന്നതിനുള്ള സി വിജിൽ മൊബൈൽ ആപ്ലിക്കേഷനിലൂടെ ജില്ലയിൽ ഇതിനോടകം ലഭിച്ചത് 1333 പരാതികൾ. പൊതു സ്ഥലങ്ങളിൽ പതിച്ച പോസ്റ്ററുകൾ, ബാനറുകൾ എന്നിവയ്ക്കെതിരെയാണ് പരാതികളിലേറെയും. ആപ്ലിക്കേഷൻ വഴി ലഭിച്ച പരാതികൾ എല്ലാം പരിഹരിച്ചു.

കലക്ടറേറ്റിലെ ദുരന്തനിവാരണ അതോറിറ്റിയുടെ ഓഫീസിനോടു ചേർന്നാണ് സി-വിജിൽ ആപ്പ് നിരീക്ഷണത്തിന് 24 മണിക്കൂറും കൺട്രോൾ റൂം പ്രവർത്തിക്കുന്നത്. മദ്യം, ലഹരി, പാരിതോഷികങ്ങൾ എന്നിവയുടെ വിതരണം, ഭീഷണിപ്പെടുത്തൽ, മതസ്പർധയുണ്ടാക്കുന്ന പ്രചാരണ നടപടികൾ, പെയ്ഡ് വാർത്തകൾ, വോട്ടർമാർക്ക് സൗജന്യ യാത്രയൊരുക്കൽ, വ്യാജ വാർത്തകൾ തുടങ്ങി പെരുമാറ്റച്ചട്ട ലംഘനത്തിന്റെ പരിധിയിൽ വരുന്ന ഏതു പ്രവർത്തനങ്ങൾക്കെതിരെയും സി വിജിൽ ആപ്ലിക്കേഷനിലൂടെ പരാതി നൽകാം.

ലഭിക്കുന്ന പരാതികൾ ഉടൻ തന്നെ സ്‌ക്വാഡുകൾക്ക് കൈമാറും. ഏതു സ്ഥലത്തു നിന്നാണ് ഫോട്ടോയും വീഡിയോയും എടുക്കുന്നതെന്ന് ആപ്പ് തിരിച്ചറിഞ്ഞ് രേഖപ്പെടുത്തുന്നതിനാൽ ഈ ഡിജിറ്റൽ തെളിവ് ഉപയോഗിച്ച് സ്‌ക്വാഡിന് സമയബന്ധിതമായി നടപടി എടുക്കാം. പരാതിയിൽ സ്വീകരിച്ച തുടർനടപടി സംബന്ധിച്ച വിവരം 100 മിനിറ്റിനുള്ളിൽ പരാതിക്കാരനെ അറിയിക്കും

29222 പ്രചരണ സാമഗ്രികൾ നീക്കം ചെയ്തു

കോട്ടയം: ലോകസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയിൽ അനധികൃതമായി സ്ഥാപിച്ച 29222 പ്രചാരണ സാമഗ്രികൾ ആന്റി ഡീഫേസ്‌മെന്റ് സ്‌ക്വാഡുകൾ ഇതുവരെ നീക്കം ചെയ്തു.

പൊതുസ്ഥലങ്ങളിലും സ്വകാര്യ സ്ഥലത്തും സ്ഥാപിച്ചിരുന്ന 25661 പോസ്റ്ററുകളും 3168 ബാനറുകളും 392 കൊടിതോരണങ്ങളും ഒരു ചുവരെഴുത്തുമാണ് നീക്കം ചെയ്തത്. അനുവദനീയമല്ലാത്ത സ്ഥലങ്ങളിലെ ചുവരെഴുത്തുകൾ കരി ഓയിൽ ഉപയോഗിച്ച് മായ്ക്കുകയും നോട്ടീസുകൾ, പോസ്റ്ററുകൾ, ബാനറുകൾ, ബോർഡുകൾ എന്നിവ ഇളക്കി മാറ്റുകയുമാണു ചെയ്യുന്നത്. പ്രചാരണ സാമഗ്രികൾ നീക്കം ചെയ്യുന്നതിനൊപ്പം ഇത്തരം നിയമ ലംഘനങ്ങൾ ആന്റി ഡിഫേസ്‌മെന്റ് സ്‌ക്വാഡുകൾ വീഡിയോയിൽ പകർത്തുന്നുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version