കോട്ടയം: ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ നാമനിർദ്ദേശപത്രിക സമർപ്പിക്കാനുള്ള രണ്ടാംദിനമായ ശനിയാഴ്ച കോട്ടയം മണ്ഡലത്തിൽ ഒരാൾ കൂടി പത്രിക നൽകി. എസ്.യു.സി.ഐ.(സി) സ്ഥാനാർഥിയായി തമ്പിയാണ് വരണാധികാരിയായ ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി മുമ്പാകെ നാമനിർദേശ പത്രിക സമർപ്പിച്ചത്.
രണ്ടു പേരാണ് ഇതുവരെ നാമനിർദ്ദേശപത്രിക നൽകിയിട്ടുള്ളത്. കഴിഞ്ഞദിവസം സ്വതന്ത്രസ്ഥാനാർഥിയായി ജോമോൻ ജോസഫ് സ്രാമ്പിക്കൽ എ.പി.ജെ. ജുമൻ വി.എസ്. എന്നയാള്‍ പത്രിക നൽകിയിരുന്നു. ഏപ്രിൽ നാലു വരെയാണ് നാമനിർദ്ദേശ പത്രിക സമർപ്പിക്കാവുന്നത്. കോട്ടയം ലോക്സഭാ മണ്ഡലത്തിൽ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ വരണാധികാരിയുടെ ഓഫീസിലോ (ജില്ലാ കളക്ടറുടെ ചേംബർ), ഉപവരണാധികാരിയായ ആർ.ആർ. ഡെപ്യൂട്ടി കളക്ടറുടെ കളക്ട്രേറ്റിൽ തന്നെയുള്ള ഓഫീസിലോ പത്രിക നൽകാം. നെഗോഷ്യബിൾ ഇൻസ്ട്രമെന്റ് ആക്ട് പ്രകാരം അവധിദിവസങ്ങളായ 31, ഏപ്രിൽ ഒന്ന് തീയതികളിൽ പത്രിക സ്വീകരിക്കില്ലെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.
രാവിലെ 11 മണി മുതൽ ഉച്ചകഴിഞ്ഞു മൂന്നു വരെയാണ് പത്രിക നൽകാവുന്നത്. തെരഞ്ഞെടുപ്പുകമ്മിഷന്റെ സുവിധ മൊബൈൽ ആപ്പ് വഴി ഓൺലൈനായും നാമനിർദേശപത്രിക സമർപ്പിക്കാം. ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നവർ അപേക്ഷയുടെ ഹാർഡ് കോപ്പി വരണാധികാരി മുമ്പാകെ സമർപ്പിക്കണം. അപേക്ഷ നേരിട്ടു സമർപ്പിക്കാനുള്ള സമയവും ഓൺലൈനായി അനുവദിച്ചുതരും. പത്രികകളുടെ സൂക്ഷ്മപരിശോധന ഏപ്രിൽ അഞ്ചിന് നടക്കും. ഏപ്രിൽ എട്ടുവരെ നാമനിർദേശ പത്രിക പിൻവലിക്കാം. ഏപ്രിൽ 26നാണ് വോട്ടെടുപ്പ്. ജൂൺ നാലിനാണ് വോട്ടെണ്ണൽ.