കൊടുങ്ങല്ലൂരിലെ എടവിലങ്ങിൽ തെങ്ങുകയറ്റ തൊഴിലാളിയെ കവുങ്ങിൽ നിന്നും വീണു മരിച്ച നിലയിൽ കണ്ടെത്തി.
അഴീക്കോട് പുത്തൻപള്ളി ബീച്ച് റോഡിൽ താമസിക്കുന്നമുണ്ടാപ്പുള്ളി വീട്ടിൽ 62 വയസുള്ള ഭാസിയെയാണ് കാര പുതിയ റോഡ് കിഴക്കുവശത്ത് പുരയിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
പൂജക്കായി പൂക്കുല പറിക്കാൻ കയറിയ ഇയാൾ കവുങ്ങ് ഒടിഞ്ഞു വീണ് മരിക്കുകയായിരുന്നുവെന്നാണ് സൂചന.
വ്യാഴാഴ്ച്ച രാവിലെ വീട്ടിൽ നിന്നും പണിക്ക് പോയ ഭാസി രാത്രിയായിട്ടും തിരിച്ചെത്താതിരുന്നതിനെ തുടർന്ന് വീട്ടുകാർ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല.ഇന്ന് ഉച്ചക്ക് 12 മണിയോടെമുൻ പഞ്ചായത്തംഗം സുമാ വത്സൻ്റെ വീടിന് പിറകിലുള്ള സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്.
കൊടുങ്ങല്ലൂർ പൊലീസ് ഇൻക്വസ്റ്റ് നടത്തി.