കുന്നന്താനം ഐക്കരയിൽ എബ്രഹാം ചാക്കോ എന്ന ബിനു ഐക്കര അഭിഭാഷ വൃത്തിക്കൊപ്പം നെഞ്ചോട് ചേർത്ത് നിർത്തിയിരിക്കുകയാണ് തൻ്റെ ചെടി തോട്ടവും .അത് കൊണ്ട് തന്നെ മൂവായിരത്തിൽ പരം ചെടികളാണ് മനോഹരത പടർത്തി ഈ വീട്ടുമുറ്റത്ത് നിൽക്കുന്നത്.പരിചരണം എല്ലാം ബിനു വക്കിൽ തന്നെ. പക്ഷേ ചെടികൾക്ക് വെള്ളം ഒഴിക്കാൻ ഭാര്യ വിൻസിയും ഒപ്പം കൂടും.ഇവരുടെ ചെടി പരിചരണത്തിൻ്റെ കാഴ്ച്ച ഈ വീടിൻ്റെ പ്രവേശന കവാടം മുതൽ കാണാൻ സാധിക്കും.
ആരെയും അതിശയിപ്പിക്കുന്ന തരത്തിലുള്ളതാണ് ഈ ചെടി തോട്ടം.യാത്രാവേളകളിൽ ചെടികൾ എവിടെ കണ്ടാലും ബിനു വക്കിലിൻ്റെ കാൽ ബ്രേക്കിൽ അമരും. ഇൻഡോർ ചെടികളെയാണ് തനിക്ക് ഏറെ ഇഷ്ടമെന്ന് അഡ്വ ഏബ്രഹാം ചാക്കോ പറഞ്ഞു.ഏത് ചെടി തോട്ടം കണ്ടാലും ആ ചെടി തോട്ടം മുഴുവൻ പരതി തൻ്റെ തോട്ടത്തിൽ ഇല്ലാത്ത ചെടികൾ കണ്ടെത്തി എത്ര വിലകൊടുത്തും അത് വാങ്ങും.
പെൻഡുല, വാസ്തു, ജ്യോതിഷ ശാസ്ത്രങ്ങളിൽ റാങ്കുകളോടെ വിജയിച്ചിട്ടുള്ള ഇദ്ദേഹത്തെ കാണാൻ ദിനംപ്രതി എത്തുന്ന നിരവധി പേരുടെ കണ്ണുകൾക്ക് കുളിർമയും സന്തോഷവും ആശ്വാസവും പകരുന്നതാണ് ഈ ചെടി തോട്ടം.വിത്യസ്തങ്ങളായ മുവായിരത്തിൽ പരം ചെടികളാണ് ഈ തോട്ടത്തിലെ സൗന്ദര്യവർദ്ധകർ. കുഞ്ഞുങ്ങളെ പരിപാലിക്കുന്നത് പോലെയാണ് ചെടികളെ പരിപാലിക്കുന്നതെന്ന് അഡ്വ ഏബ്രഹാം ചാക്കോ പറഞ്ഞു.
ഏബ്രഹാം ചാക്കോയുടെ ചെടി തോട്ടത്തിൽ ഇൻഡോർ ഔട്ട്ഡോർ ചെടികളാണ് ധാരാളമായി ഉള്ളതെങ്കിലും ഇത് അലങ്കരിച്ച് നിർത്തിയിരിക്കുന്നത് കാണാനാണ് ഏറ്റവും വലിയ ഭംഗി.ഈ ചെടി തോട്ടത്തെ മനോഹരമാക്കുന്നത് അഗ്ലോനിമ, ഫിലോ ഡെൻഡ്രാൻ, അലോക്കേഷ്യ, നൂറിൽപരം ഹാങിങ് പ്ലാൻ്റ്സുകൾ, അമ്പതിൽപരം സിങ്കോണിയവും ഓർക്കിഡുകളും ബോഗൻ വില്ലകളും തന്നെയാണ്.
ചെടി തോട്ടത്തിന് സമീപത്തായി ചെറിയ കുളവും മീനുകളും കരയിൽ താമരയും അമ്പലും കൊക്കും മുയലും കോഴിയും താറാവുമൊക്ക മനോഹരമായി ഒരുക്കിയിരിക്കുന്നതിന് ഒപ്പം വലിയ ഒരു ശങ്കും ഇവിടെ അലങ്കരിച്ചിട്ടുണ്ട്.ചെടികൾക്ക് ഒപ്പം ഔഷധ സസ്യങ്ങളുടെ ഒരു നീണ്ട നിര തന്നെ ഇവിടെ ഉണ്ട്മരിച്ചവർക്ക് ജീവൻ കൊടുക്കുവാൻ കഴിവുള്ള നീലക്കൊടുവേലിയാണ് ഇതിലെ വില്ലൻ. ആട് എന്ന സിനിമയിൽ വിനായകനും സംഘവും തെരഞ്ഞ് നടക്കുന്ന നീലക്കൊടുവേലിയെ ഉപ്പൻ എന്ന പക്ഷിക്ക് മാത്രമേ ലോകത്ത് തിരിച്ചറിയു എന്ന പ്രത്യേകതയുമുണ്ട്.
ഹൈന്ദവ ആചാര വിശ്വാസം അനുസരിച്ച് സർവ്വ രോഗങ്ങളെയും സുഖപ്പെടുത്തുവാൻ കഴിയുന്ന അത്ഭൂത സസ്യമായ സഞ്ജീവിനിയും അഭിഭാഷകനായ ബിനു ഐക്കരയുടെ തോട്ടത്തിലുണ്ട്.കൊടുവേലി, അയ്യാപ്പാന, മഹാ കോട്ട ദേവ, ചന്ദനം, രുദ്രാക്ഷം, കുന്തിരിക്കം, കരിങ്ങാലി ,ഊദ്,തുടങ്ങിയ ഔഷധ സസ്യങ്ങളും ഇവിടെ തഴച്ച് വളരുന്നുണ്ട്.
ഫലവൃക്ഷങ്ങളും ഈ വീടിൻ്റെ ഒരു ഐശ്വര്യം തന്നെയാണ്. വിവിധയിനം മാവുകൾ, വിവിധയിനം പ്ലാവുകൾ, നോനി, റംബുട്ടാൻ, ഫിലോസാൻ, മാംഗോസ്റ്റീൻ, സപ്പോർട്ടാ , ബെയർ ആപ്പിൾ, ചാമ്പ തുടങ്ങിയവയെല്ലാം കുന്നന്താനം ഐക്കരയിൽ തറവാട്ടിൽ ഫലങ്ങൾ വിതറി പരിലസിക്കുകയാണ് . അഭിഭാഷക വൃത്തിയ്ക്ക് ഒപ്പം പെൻഡുല ,വാസ്തു ജ്യോതിഷം എന്നിവയിൽ എല്ലാം ആഗ്രഗണ്യനായ ഇദ്ദേഹത്തെ കാണാൻ നിരവധി പേരാണ് സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തുന്നത്. രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗങ്ങളിലെ പ്രഗൽഭർ ഉൾപ്പെടെ ഇവിടെ എത്തുമ്പോൾ അഡ്വ ഏബ്രഹാം ചാക്കോയുടെ ചെടി തോട്ടവും ഫലവൃക്ഷ , ഔഷധ തോട്ടങ്ങളും കണ്ട് സമയം ചെലവഴിച്ചാണ് പോകാറുള്ളത്. പൂങ്കാവനം പോലത്തെ തിരുമുറ്റവും പരിസരവും ഇവിടെ എത്തുന്ന ഏതൊരാളെയും അതിശയിപ്പിക്കുമെന്ന കാര്യത്തിൽ സംശയമില്ല