Kerala
വാട്ടർ അതോറിറ്റി അറ്റകുറ്റപ്പണിക്കായെടുത്ത കുഴിയിലേക്ക് കാർ മറിഞ്ഞു ദമ്പതികൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു
തൃശൂർ: പെരുമ്പിലാവിൽ വാട്ടർ അതോറിറ്റി അറ്റകുറ്റപ്പണിക്കായെടുത്ത കുഴിയിലേക്ക് കാർ മറിഞ്ഞു. ഇന്ന് പുലർച്ചെ 5 മണിക്കാണ് പെരുമ്പിലാവ്- പട്ടാമ്പി റോഡിൽ നിയന്ത്രണം വിട്ട കാര്‍ കുഴിയിലേക്ക് മറിഞ്ഞത്.
തിരുവനന്തപുരത്തു നിന്നും പെരിന്തൽമണ്ണയിലേക്ക് പോകുകയായിരുന്ന കാർ ആണ് അപകടത്തില്‍ പെട്ടത്. അപകടത്തിൽ കാറിലെ യാത്രക്കാരായ ദമ്പതികൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കഴിഞ്ഞ ദിവസം തൃത്താല പാവരട്ടി ശുദ്ധജല വിതരണ പൈപ്പ് പൊട്ടിയിരുന്നു.
ഇതിന്റെ അറ്റകുറ്റപ്പണിക്കായി എടുത്ത കുഴിയിലേക്കാണ് കാർ മറിഞ്ഞത്. അറ്റകുറ്റപ്പണി നടക്കുന്ന സ്ഥലത്ത് വേണ്ടത്ര സുരക്ഷാ ക്രമീകരണങ്ങളോ അപായസൂചനാ ബോർഡുകളോ സ്ഥാപിച്ചിരുന്നില്ല. ഇതാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിച്ചു.