India

ബാനർ ;പോസ്റ്റർ ;മൈക്ക് ;കമാനങ്ങൾ…ലോക്‌സഭാ തെരഞ്ഞെടുപ്പിന് ചെലവു നിരക്കായി; പൊതുസ്ഥലത്ത് പരസ്യം പതിച്ചാൽ സ്ഥാനാർഥിക്ക് ചെലവേറും

കോട്ടയം: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പൊതുസ്ഥലങ്ങളിൽ തെരഞ്ഞെടുപ്പു പോസ്റ്ററുകളും മറ്റു പ്രചാരണഉപാധികളും പതിച്ചാൽ ഇവ നീക്കാനുള്ള ചെലവും സ്ഥാനാർഥിയുടെ തെരഞ്ഞെടുപ്പു ചെലവു കണക്കിൽ പെടും. ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ നിശ്ചയിച്ച പ്രകാരം പോസ്റ്ററുകൾ നീക്കിയാൽ(ആന്റി ഡീഫേസ്മെന്റ്) ഒരെണ്ണത്തിന് മൂന്നു രൂപ വീതം സ്ഥാനാർഥിയുടെ തെരഞ്ഞെടുപ്പു ചെലവ് കണക്കിൽ ഉൾപ്പെടുത്തും. ഫ്‌ളെക്‌സ്‌ബോർഡ് നീക്കാൻ ഒരെണ്ണത്തിന് 28 രൂപയാണ് ചെലവ്. ബാനർ നീക്കാൻ ഒരെണ്ണത്തിന് 11 രൂപയും തോരണം നീക്കാൻ മീറ്ററിനു മൂന്നുരൂപയുമാണ് നിശ്ചയിച്ചിട്ടുള്ളത്. ചുവരെഴുത്തു മായ്ക്കാൻ ചതുരശ്രഅടിക്ക് എട്ടു രൂപ എന്ന നിരക്കും കണക്കാക്കും.

ആന്റി ഡീഫേസ്മെന്റ് സ്്ക്വാഡ് ആണ് മാതൃകാപെരുമാറ്റച്ചട്ടം ലംഘിച്ചു പൊതുസ്ഥലങ്ങളിൽ സ്ഥാപിച്ചിട്ടുള്ള പ്രചാരണസാമഗ്രികൾ നീക്കുക. ഇതിനു ചെലവാകുന്ന തുക സ്ഥാനാർഥിയുടെ തെരഞ്ഞെടുപ്പുചെലവായി കണക്കാക്കും.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രചാരണത്തിന്റെ ചെലവു നിരക്കു നിശ്ചയിക്കുന്നതിനായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും വരണാധികാരിയുമായ ജില്ലാ കളക്ടർ വി. വിഗ്നേശ്വരിയുടെ അധ്യക്ഷതയിൽ കളക്ട്രേറ്റിൽ ചേർന്ന രാഷ്ട്രീയ കക്ഷി പ്രതിനിധി-ഉദ്യോഗസ്ഥ യോഗത്തിലാണ് നിരക്കുകൾ നിശ്ചയിച്ചത്.
ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷൻ തുടങ്ങിയ പൊതുസ്ഥലങ്ങൾ, വൈദ്യുതി പോസ്റ്റുകൾ, സർക്കാർ മന്ദിരങ്ങൾ, ഓഫീസ് വളപ്പ് എന്നിവിടങ്ങളിൽ സ്ഥാനാർഥിയുടെ പ്രചാരണപരസ്യങ്ങൾ സ്ഥാപിക്കുന്നത് മാതൃകാപെരുമാറ്റച്ചട്ടലംഘനമായി കണക്കാക്കി ഇവ നീക്കം ചെയ്യുന്നതാണ്. സ്വകാര്യവ്യക്തികളുടെ വസ്തുവിലും അനുമതിയില്ലാതെ പരസ്യബോർഡുകൾ സ്ഥാപിക്കരുത്.

1951ലെ ജനപ്രാതിനിധ്യനിയമം 77(1) അനുസരിച്ച് എല്ലാ സ്ഥാനാർഥികളും വോട്ടെടുപ്പിന്റെ ചെലവ് സംബന്ധിച്ച് പ്രത്യേകവും കൃത്യവുമായ അക്കൗണ്ട് നിർബന്ധമായും സൂക്ഷിക്കേണ്ടതാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഒരു സ്ഥാനാർഥിയ്ക്ക് പ്രചാരണത്തിന് പരമാവധി ചെലവിടാവുന്ന തുക 95 ലക്ഷമാണ്. സ്ഥാനാർഥികളുടെ തെരഞ്ഞെടുപ്പു പ്രചാരണ ചെലവു നിർണയിക്കാനായി 220 ഇനങ്ങൾക്കുള്ള നിരക്കാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

പ്രചാരണത്തിനായി 2000 വാട്ട്സ് മൈക്ക് സിസ്റ്റം ഉപയോഗിക്കുന്നതിന് (ആംപ്ലിഫയർ, മൈക്രോഫോൺ, സ്പീക്കർ, ബോക്സുകൾ എന്നിവ അടക്കം) ആദ്യദിവസത്തിന് 4000 രൂപയും തുടർന്നുള്ള ഓരോദിവസത്തിനും 2000 രൂപവച്ചുമാണ് പ്രതിദിന നിരക്ക്. 5000 വാട്ട്്സുള്ള മൈക്ക് സിസ്റ്റം ഉപയോഗിക്കുന്നതിന് ആദ്യദിവസം 7000 രൂപയും പിന്നീടുളള ദിവസങ്ങളിൽ 5000 രൂപയുമാണ്് നിരക്ക്. 10000 വാട്ട്സിന്റെ ഹൈ എൻഡ് മൈക്ക് സംവിധാനമാണെങ്കിൽ ഇത് ആദ്യദിനം 15000 രൂപയും പിന്നീടുള്ള ദിവസങ്ങളിൽ 10000 രൂപയും ആകും.

തടിയിലുള്ള തുണികൊണ്ടുള്ള ബാനർ ചതുരശ്ര അടിക്ക് 17 രൂപ, ഫ്‌ളെക്‌സിനുപകരം ഉപയോഗിക്കുന്ന പരിസ്ഥിതി സൗഹൃദമായ വസ്തുക്കൾ/ ക്‌ളോത്ത് ബാനർ എന്നിവയ്ക്ക് ചതുരശ്രഅടിക്ക് 15 രൂപ, കട്ട് ഔട്ട് ചതുരശ്രഅടിക്ക് 30 രൂപ എന്നിങ്ങനെയാണ് നിരക്ക്.തെരഞ്ഞെടുപ്പു പ്രചാരണ ഓഫീസ് നിർമാണത്തിന് ചതുരശ്ര അടിക്ക് 20 രൂപയാണ് നിരക്ക്. പോളിംഗ് സ്റ്റേഷനു സമീപമുള്ള ബൂത്തുകളുടെ നിർമാണത്തിന് 250 രൂപ വച്ചും. ക്യാമ്പയിൽ ഓഫീസുകളുടെ സമീപത്തുള്ള കമാനത്തിന് 2500 രൂപ, ബലൂണുകളോടു കൂടിയ കമാനത്തിനും 2500 രൂപ വച്ചുമാണ് നിരക്ക്.

ആറുപേരുള്ള ചെണ്ടമേളത്തിന് ദിവസം 6000 രൂപ. എട്ടുപേരുടെ സംഘത്തിന്റെ നാദസ്വരത്തോടുകൂടിയ കാവടിയാട്ടം പ്രതിദിനം 10000 രൂപ, ഗാനമേള/നാടൻപാട്ട്; ഗായകർക്ക് 500 രൂപവച്ച്, പഞ്ചവാദ്യം 5000 രൂപ, എന്നിങ്ങനെയാണ് പ്രതിദിന നിരക്കുകൾ നിശ്ചയിച്ചിട്ടുള്ളത്.
എൽ.ഇ.ഡി. ടിവികൾക്ക് പ്രതിദിനം 750 രൂപ മുതൽ നാലായിരം രൂപ വരെയാണ് നിരക്ക്(ഓപ്പറേറ്ററോടു കൂടിയും ഇല്ലാതെയും). 3.5 കെ.വി.എ. മുതൽ 25 കെ.വി.എ. വരെയുള്ള ജനറേറ്ററുകൾക്ക് 550 രൂപ മുതൽ 2750 രൂപ വരെയാണ് നിരക്ക്. ബസിന് പ്രതിദിനം 7000 രൂപയും കാറിന് നാലുസീറ്ററിന് പ്രതിദിനം 1800 ഏഴു സീറ്ററിന് പ്രതിദിനം 3300 രൂപയും ജീപ്പിന് 2700 രൂപയും മിനി ബസിന് മണിക്കൂറിന് 500 രൂപയും പ്രതിദിനം 5000 രൂപയുമാണ് നിരക്ക്. ടെംപോ ട്രാവലർ പ്രതിദിനം 3000 രൂപയും ഓട്ടോയ്ക്ക് പ്രതിദിനം 1500 രൂപയും ടൂറിസ്റ്റ് ബസ് എ.സി. 8000, നോൺ എ.സി. 6500 എന്നിങ്ങനെയാണ നിശ്ചയിച്ചിട്ടുള്ള നിരക്ക്. ചെറിയ വാഹനത്തിലെ സ്‌റ്റേജിന് 3000 രൂപയും വലിയ വാഹനത്തിലെ സ്‌റ്റേജിന് 5000 രൂപയും കണക്കാക്കും.

ഹോർഡിങ്ങുകൾ സ്ഥാപിക്കുമ്പോൾ ചതുരശ്ര അടിക്ക് 30 രൂപ എന്ന നിരക്കിൽ കണക്കാക്കും. ടി.വി. ചാനലുകൾ, പത്രമാധ്യമങ്ങൾ, റേഡിയോ തുടങ്ങിയ മാധ്യമങ്ങളിലൂടെയുള്ള പരസ്യങ്ങൾക്ക് ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് നിർണയിച്ചിട്ടുള്ള നിരക്കുകളാണ് ബാധകമാവുക. സമൂഹമാധ്യമങ്ങളിലൂടെയുള്ള പരസ്യങ്ങൾക്ക് ഒറ്റയാഴ്ച 400 പേരിൽ എത്തുന്ന പരസ്യങ്ങൾക്ക് പ്ലാറ്റ്ഫോം ഒന്നിന് 100 രൂപ നിരക്കിലും 1000 പേരിൽ എത്തുന്ന പരസ്യങ്ങൾക്ക് പ്ലാറ്റ്ഫോം ഒന്നിന് 700 രൂപ നിരക്കിലും 40000 പേരിൽ എത്തുന്ന പരസ്യങ്ങൾക്ക് പ്ലാറ്റ്ഫോം ഒന്നിന് 10000 രൂപ നിരക്കിലുമായിരിക്കും ഈടാക്കുക.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top