ന്യൂഡൽഹി: ആം ആദ്മിയെ തകർക്കുക മാത്രമാണ് ഇഡിയുടെ ലക്ഷ്യമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ കോടതിയിൽ. മദ്യനയക്കേസിൽ നൂറ് കോടിയുടെ അഴിമതി നടത്തിയിട്ടുണ്ടെങ്കിൽ പണമെവിടെയെന്നും അദ്ദേഹം ചോദിച്ചു.
‘എന്നെ അറസ്റ്റ് ചെയ്തു. പക്ഷേ ഒരു കോടതിയും കുറ്റക്കാരനാണെന്ന് കണ്ടെത്തിയിട്ടില്ല. സിബിഐ 31,000 പേജുള്ള കുറ്റപത്രവും ഇഡി 25,000 പേജുകളുള്ളതും സമർപ്പിച്ചു. ഇവ രണ്ടും ഒന്നിച്ചുവായിച്ചാലും ഒരു ചോദ്യം അവശേഷിക്കുന്നു.എന്തിനാണ് എന്നെ അറസ്റ്റ് ചെയ്തത്.” – കേജ്‌രിവാൾ ചോദിച്ചു. എല്ലാ അനുമതിയും വാങ്ങിയാണ് മദ്യനയം നടപ്പിലാക്കിയതെന്നും സാക്ഷിമൊഴികളിൽ വൈരുദ്ധ്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേജ്രിവാളിന് സ്വയം വാദിക്കാനായിരുന്നെങ്കിൽ അഭിഭാഷകൻ എന്തിനാണെന്ന് ഇഡി ചോദിച്ചു. മുഖ്യമന്ത്രി ആയതിനാലല്ല, അഴിമതിക്കേസിലാണ് അറസ്റ്റ് ചെയ്തതെന്നും അന്വേഷണ ഉദ്യോഗസ്ഥർ കോടതിയിൽ പറഞ്ഞു.
മുഖ്യമന്ത്രിയെന്ന പ്രിവിലേജ് അരവിന്ദ് കേജ്‌രിവാൾ കോടതിയിൽ പോലും ഉപയോഗിക്കുകയാണ്. നിയമം എല്ലാവർക്കും ഒരുപോലെയാണ്. പ്രത്യേകം ആനുകൂല്യം നൽകരുതെന്നും കേജ്‌രിവാളിനെതിരെ തെളിവുണ്ടെന്നും ഇഡി ആരോപിച്ചു. കേജ്‌രിവാളിനെ ഒരാഴ്ച കൂടി കസ്റ്റഡിയിൽ വേണമെന്ന് ഇഡി ആവശ്യപ്പെട്ടു.
കേജ്‌രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കണമെന്ന ഹർജി ഡൽഹി ഹൈക്കോടതി തളളി. നിലവിൽ ഇടപെടേണ്ട സാഹചര്യമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടിയാണ് ഡൽഹി സ്വദേശി സുർജിത് സിംഗ് യാദവിന്റെ ഹർജി തള്ളിയത്.