Kerala
ദമ്പതികളെ ബിസിനസ്സിൽ പങ്കാളികളാക്കാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് 85 ലക്ഷം തട്ടിയെടുത്ത കേസുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു
വാകത്താനം : ദമ്പതികളെ ബിസിനസ്സിൽ പങ്കാളികളാക്കാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത കേസുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളം തൃക്കാക്കര ചേലൂർ, എൽദോറാഡോ 10 b യിൽ (തിരുവനന്തപുരം കരമന ഭാഗത്ത് ഫ്ലാറ്റിൽ താമസം ) നിധി ശോശാ കുര്യൻ (38) എന്നയാളെയാണ് വാകത്താനം പോലീസ് അറസ്റ്റ് ചെയ്തത്. വാകത്താനം നാലുന്നക്കൽ സ്വദേശികളായ ദമ്പതികളെ പുരാവസ്തു ബിസിനസിൽ പങ്കാളികളാക്കാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ഇവരുടെ കൈയിൽ നിന്നും 85 ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു.
കബളിക്കപ്പെട്ടുവെന്ന് മനസ്സിലാക്കിയ ദമ്പതികൾ പോലീസിൽ പരാതി നൽകുകയും വാകത്താനം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് തുടർന്ന് നടത്തിയ ശാസ്ത്രീയമായ പരിശോധനയില്‍ 22 ലക്ഷം ഇവരുടെ അക്കൗണ്ടില്‍ വന്നതായി കണ്ടെത്തുകയും, തുടർന്ന് നടത്തിയ തിരച്ചിലിൽ ഇവരെ എറണാകുളത്തു നിന്ന് പിടികൂടുകയുമായിരുന്നു. വാകത്താനം സ്റ്റേഷൻ എസ്.എച്ച്. ഓ ഫൈസൽ. എ, എസ്.ഐ സുനിൽ കെ.എസ്, സി. പി. ഓ മാരായ ജോഷി ജോസഫ്, ചിക്കു റ്റി.രാജു, അനുവിദ്യ എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു. ഈ കേസിലെ മറ്റു പ്രതികൾക്കായി തിരച്ചിൽ ശക്തമാക്കി.