Politics

അപ്പൻ്റെയും ,മകൻ്റെയും മനസിൽ ഇടം പിടിച്ച ബേബി ഉഴുത്ത് വാലിന് ഡമ്മി നിയോഗം എട്ടാം തവണ

Posted on

 

കോട്ടയം: പാലാ: അപ്പൻ കെ.എം മാണിയുടെയും, മകൻ ജോസ് കെ മാണിയുടെയും മനസിൽ ഇടം പിടിക്കാൻ കഴിഞ്ഞ കരിങ്ങോഴയ്ക്കൽ കുടുംബത്തിന് പുറത്ത് ഉള്ള ഏകയാൾ ആരെന്ന് ചോദിച്ചാൽ കേരളാ കോൺഗ്രസ് (എം) പാർട്ടിയുടെ അകത്തുള്ളവർക്കറിയാം അത് ഉഴുത്തുവാൽ ബേബി ചേട്ടനാണെന്ന്.എന്നും ചെറു ചിരിയോടെ മാത്രമേ ബേബി ചേട്ടനെ കാണാൻ കഴിയൂ.ഗൗരവത്തിൽ ഉള്ള ബേബി ചേട്ടനെ ആരും കണ്ടിട്ടില്ല.സംഘർഷങ്ങൾ ഉണ്ടാവുമ്പോഴെല്ലാം സമാധാന ദൂതനായി ബേബിച്ചേട്ടൻ അവിടെയുണ്ടാകും.പിന്നെ ഒരു കാര്യം പാർട്ടി പിളരാൻ പോവുകാ ..ആരോടൊപ്പമാ ബേബി ചേട്ടൻ എന്ന് ചോദിച്ചാൽ ഏതു ഉറക്കത്തിലും പറയും ഞാൻ  മാണി സാറിനൊപ്പമാ.

സംയുക്ത കേരളാ കോൺഗ്രസിൽ ഉന്നതാധികാര സമിതി എന്നൊരു ഘടകം വന്നപ്പോൾ അതിൽ മാണിസാർ ബേബി ഉഴുത്തു വാലിനെ ഉൾപ്പെടുത്തി.തന്നെ ആ സമിതിയിൽ ഉൾപ്പെടുത്താത്തതിൽ ജോസഫ് എം പുതുശേരി ശക്തമായി പ്രതിഷേധിച്ചു.അതൊരു പൊട്ടിത്തെറി ആയപ്പോൾ മാണിസാർ ബേബി ചേട്ടനെ വിളിച്ചു ബേബി ഇങ്ങു വന്നേ …ഒരു കാര്യം ചെയ്യ് ബേബി ..ഒന്ന് മാറി കൊടുക്ക് ..പ്രശ്നം തീരട്ടെ .മറുത്തൊരു മറുപടി ബേബിച്ചേട്ടന് ഉണ്ടായിരുന്നില്ല .നിന്ന നിൽപ്പിൽ ഉന്നതാധികാര സമിതിയിൽ നിന്നും ബേബി ഉഴുത്ത്വാൽ ഔട്ട് ..പുതുശേരി ഇൻ …അതാണ് ബേബിച്ചേട്ടൻ മാണി സാറും ബേബി ചേട്ടനും തമ്മിലുള്ള ബന്ധം ശങ്കർ സിമന്റും പാമ്പൻ പാലവും പോലെയാണ്.

അല്ലെങ്കിൽ പിന്നെ കെ.എം മാണി നാല് തവണ ഡമ്മിയായി ബേബി ഉഴുത്ത് വാലിനെ നിയോഗിക്കുമോ, മകൻ ജോസ് കെ മാണി രണ്ട് തവണ ബേബി ചേട്ടനെ ഡമ്മിയായി നിർത്തി.പാലാ ഉപതെരെഞ്ഞെടുപ്പിൽ ജോസ് ടോമിൻ്റെ ഡമ്മിയും ബേബി ഉഴുത്ത് വാൽ തന്നെ. ഇപ്പോൾ ഇതാ ലോക്സഭാ തെരെഞ്ഞെടുപ്പിൽ തോമസ് ചാഴികാടൻ്റെ ഡമ്മിയാവാനുള്ള നിയോഗവും ബേബി ഉഴുത്ത് വാലിന് തന്നെ.

കരിങ്ങോഴയ്ക്കൽ വീട്ടിൽ വച്ച് ജോസുകുട്ടി പൂവേലി പറഞ്ഞു ഇത് എട്ടാം തവണയാണല്ലോ ബേബിച്ചേട്ടാ ഡമ്മിയാവുന്നത്.അപ്പോൾ ജോസ് കെ മാണി പറഞ്ഞു് ഒരു ദിവസം ഭാഗ്യം തെളിയും ..അപ്പോഴും ബേബി ചേട്ടന്റെ മുഖത്ത് പുഞ്ചിരി മാത്രം.എല്ലാവരുടെയും അനുഗ്രഹം വാങ്ങി കോട്ടയത്തേക്ക് യാത്രയായി ചക്കാമ്പുഴക്കാരൻ ബേബി ഉഴുത്തുവാൽ.ആരെയും ഉഴുതുന്ന സ്വഭാവമില്ല.വാലും ഇല്ല ഈ പൊതുപ്രവർത്തകന്.ചക്കാമ്പുഴ ലോരേത്തുമാതാ പള്ളിയിലെ നിത്യ സന്ദര്ശകനാണ് നാട്ടുകാരുടെ  ബേബി ചേട്ടൻ.അവുടുത്തെക്കായി വേല ചെയ്യുന്നവരുടെ കളപ്പുരകൾ  അവിടുന്ന് തന്നെ നിറച്ചു തരും എന്ന് വിശ്വസിക്കുന്ന ബേബിച്ചേട്ടൻ തന്റെ വസതിയും .ഭൗതീക മോടികളും എല്ലാം ദൈവത്തിന്റെ വരദാനമെന്ന് വിശ്വസിക്കുന്നു.ബേബിച്ചേട്ടന് നില്ക്കാൻ സമയമില്ല തെരെഞ്ഞെടുപ്പ് ചൂടിൽ മുഴുകുകയാണ് ഈ പൊതുപ്രവർത്തകൻ.

തങ്കച്ചൻ പാലാ 
കോട്ടയം മീഡിയാ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version