തൃശൂർ: തൃശൂർ മാളയില്‍ ബാങ്ക് ജോലി വാഗ്ദാനം ചെയ്ത് 21 ലക്ഷം രൂപ തട്ടിയ പൊലീസുകാരന്‍ കേസിൽ പരാതിക്കാരനായ യുവാവിനെ മര്‍ദ്ദിച്ചെന്ന് പരാതി. പണം തിരികെ ചോദിച്ചതിനായിരുന്നു മര്‍ദ്ദനം. സംഭത്തിൽ യുവതിയുടെ പരാതിയിൽ മാള സ്റ്റേഷനിലെ പൊലീസുകാരൻ വിനോദിനെതിരെ കേസെടുത്തു. മർദ്ദനമേറ്റ യുവാവ് തൃശൂരിൽ ആശുപത്രിയിൽ ചികിൽസയിലാണ്. മാള അഷ്ടമിച്ചിറ സ്വദേശിയായ കെ.പി.രാഹുലാണ് പൊലീസുകാരനെതിരെ പരാതി നൽകിയത്. മാള സ്റ്റേഷനിലെ പൊലീസുകാരനായ വിനോദിനെതിരെയാണ് പരാതി നൽകിയിരിക്കുന്നത്.
രാഹുലിന്‍റെ ഭാര്യയ്ക്ക് സ്വകാര്യ ബാങ്കില്‍ ജോലി വാഗ്ദാനം ചെയ്ത് അടുത്ത ബന്ധുവായ വിനോദ് ഇരുപത്തിയൊന്നര ലക്ഷം രൂപ വാങ്ങിയിരുന്നു. രണ്ട് വർഷം മുന്പായിരുന്നു പണം നൽകിയത്. ബാങ്കില്‍ നിന്നെന്ന പേരില്‍ ഇടയ്ക്ക് നിയമന ഉത്തരവ് കിട്ടിയിരുന്നെങ്കിലും പിന്നെ കൂടുതലൊന്നും സംഭവിച്ചില്ല. ഒടുവിൽ പണവുമില്ല ജോലിയുമില്ല എന്നായപ്പോള്‍ രാഹുല്‍ പൊലീസുകാരനോട് പണം തിരികെ ചോദിച്ചു.
ഇതോടെ കഴിഞ്ഞ ശനിയാഴ്ച വിനോദ്, രാഹുലിനെ വീട്ടില്‍ വിളിച്ചുവരുത്തി മര്‍ദ്ദിച്ചെന്നാണ് പരാതി. ഭാര്യയുടെ മുന്നിൽ വച്ച് ഭീഷണിപ്പെടുപ്പെടുത്തിയെന്നും രാഹുൽ പറയുന്നു. തുക കൈമാറിയിട്ടുള്ളത് അക്കൗണ്ട് മുഖേനയാണെന്നും രാഹുൽ പറയുന്നു. പൊലീസുകാരന്‍റെ മർദ്ദനമേറ്റ് രാഹുലിന്റെ കൈവിരലിന് പരുക്കേറ്റിട്ടുണ്ട്. കേസിൽ ആളൂർ പൊലീസ് ആരോപണ വിധേയനായ പൊലീസുകാരനെതിരെ കേസെടുത്തു. പ്രതിയായ വിനോദിനെതിരെ അന്വേഷണം തുടരുകയാണ്. കേസിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.