കാഞ്ഞിരപ്പള്ളി: വാഹനത്തിൽ മദ്യം അനധികൃതമായി കൊണ്ടുനടന്ന് വിൽപ്പന നടത്തിയ കേസിൽ മദ്ധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. കൂവപ്പള്ളി പെരുന്നാട്ട് വീട്ടിൽ കൃഷ്ണൻകുട്ടി (62) എന്നയാളെയാണ് കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ അനധികൃതമായി വിദേശമദ്യം സൂക്ഷിച്ച് വിൽപ്പന നടത്തുകയായിരുന്നു.കാഞ്ഞിരപ്പള്ളി കൂവപ്പള്ളി ജംഗ്ഷന് സമീപം അനധികൃതമായി മദ്യ വില്പന നടത്തുന്നതായി ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കാഞ്ഞിരപ്പള്ളി പോലീസ് ഇന്നലെ രാവിലെ 10.30 മണിയോടുകൂടി നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടുന്നത്.
ഇയാൾ തന്റെ സ്കൂട്ടറിന്റെ സീറ്റിനുള്ളിൽ വിദേശ മദ്യം സൂക്ഷിച്ച് വിൽപ്പന നടത്തിവരികയായിരുന്നു. ഇതിനിടയിലാണ് പോലീസിന്റെ പിടിയിലാകുന്നത്. ഇയാളിൽ നിന്നും വിൽപ്പന നടത്തുന്നതിനായി സൂക്ഷിച്ചിരുന്ന 1500 മില്ലി ലിറ്റര്‍ വിദേശമദ്യം പിടികൂടുകയും ചെയ്തു.
കൂടാതെ വിൽപ്പന നടത്തിയ വകയിൽ ലഭിച്ച 9800 രൂപയും ഇയാളിൽ നിന്നും കണ്ടെടുത്തു. കാഞ്ഞിരപ്പള്ളി സ്റ്റേഷൻ എസ്.എച്ച്.ഓ ഫൈസൽ, എസ്.ഐ ജിൻസൺ ഡൊമിനിക്, സി.പി.ഓ മാരായ ശ്രീരാജ്, വിമൽ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത് . കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.