തൃശ്ശൂരിൽ ആട്ടിൻ കുട്ടിയെ രക്ഷിക്കുന്നതിനായി കിണറ്റിൽ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു. എടത്തിരുത്തി കുട്ടമംഗലം സ്വദേശി പോക്കാക്കില്ലത്ത് അബ്ദുൽ റഷീദ് (48) ആണ് മരിച്ചത്. ഇന്ന് വൈകീട്ട് ആറ് മണിയോടെ അബ്ദുൽ റഷീദിന്റെ കരുവാങ്കുളത്തുള്ള ബന്ധുവീട്ടിൽ വെച്ചാണ് സംഭവം നടന്നത് .
കിണറ്റിൽ വീണ ആടിനെ രക്ഷിക്കുന്നതിനായി കിണറിൽ ഇറങ്ങിയതായിരുന്നു റഷീദ്. എന്നാൽ കിണറ്റിൽ ഓക്സിജൻ ഇല്ലാത്തത് മൂലം റഷീദ് വെള്ളത്തിലേക്ക് കുഴഞ്ഞ് വീഴുകയായിരുന്നു .ഫയർഫോഴ്‌സ് സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്ത് ആശുപത്രിയിലേക്ക് കൊണ്ടുപോയി. അന്തിക്കാട് പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.