കോട്ടയം: ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടുള്ള സ്ഥാനാർഥികൾ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണവേളയിൽ മൂന്നുതവണ ഇവയെക്കുറിച്ചുള്ള വിവരങ്ങൾ വർത്തമാനപത്രങ്ങളിലൂടെയും ടെലിവിഷൻ ചാനലിലൂടെയും പരസ്യപ്പെടുത്തണം. ക്രിമിനൽ പശ്ചാത്തലമുള്ള സ്ഥാനാർഥികളെ നിർത്തുന്ന രാഷ്ട്രീയ പാർട്ടികളും സ്ഥാനാർഥികളുടെ ക്രിമിനൽ പശ്ചാത്തലത്തെക്കുറിച്ച് തങ്ങളുടെ വെബ്‌സൈറ്റിൽ പ്രസിദ്ധപ്പെടുത്തുകയും പത്രങ്ങളിലും ടിവി ചാനലുകളിലും നൂറുതവണ പരസ്യപ്പെടുത്തുകയും വേണം.
ഇത്തരം സ്ഥാനാർഥികളെക്കുറിച്ച് വോട്ടർമാർക്ക് ധാരണകിട്ടുന്നതിനായി ആവശ്യത്തിന് സമയം ലഭിക്കുന്നതിനായി തെരഞ്ഞെടുപ്പ് കമ്മിഷൻ ഈ പരസ്യപ്പെടുത്തലിന് സമയക്രമം നിശ്ചയിച്ചിട്ടുണ്ട്. സ്ഥാനാർഥികളുടെ ആദ്യപരസ്യപ്പെടുത്തൽ നാമനിർദേശപത്രിക പിൻവലിക്കുന്ന തിയതി കഴിഞ്ഞു നാലുദിവസത്തിനുള്ളിൽ. രണ്ടാമത്തേത്് 5-8 ദിവസത്തിനുളളിൽ. മൂന്നാമത്തേത് ഒൻപതാം ദിവസം മുതൽ പ്രചാരണത്തിന്റെ അവസാനദിവസം വരെ എന്നിങ്ങനെയാണ് നിശ്ചയിച്ചിട്ടുള്ളത്.
ക്രിമിനൽ പശ്ചാലത്തലമുള്ളവരെ സ്ഥാനാർഥികളായി നിർത്തുന്ന രാഷ്ട്രീയ പാർട്ടികൾ കേസിന്റെ വിശദാംശങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് തങ്ങളുടെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കേണ്ടത് നിർബന്ധമാണ്. ക്രിമിനൽ പശ്ചാത്തലമില്ലാത്തവരെ ഒഴിവാക്കി ഇത്തരം സ്ഥാനാർഥികളെ നിർണയിച്ചതിന്റെ വ്യക്തമായ കാരണം സഹിതം വേണം പ്രസിദ്ധീകരിക്കാൻ. ഒരു പ്രാദേശിക പത്രത്തിലും ഒരു ദേശീയപത്ത്രിലും ഫെയ്‌സ്ബുക്കും എക്‌സും അടക്കമുള്ള പാർട്ടിയുടെ ഔദ്യോഗിക സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമുകളിലും ഇത്തരം വിവരങ്ങൾ നിർബന്ധമായി പ്രസിദ്ധീകരിക്കണം. ഇത്തരം വിവരങ്ങൾ സ്ഥാനാർഥിയെ തെരഞ്ഞെടുത്ത് 48 മണിക്കൂറിനുള്ളിൽ സമർപ്പിക്കണം. എന്നാൽ നാമനിർദേശപത്രിക സമർപ്പിക്കുന്നതിന് മുമ്പുള്ള രണ്ടാഴ്ചയ്ക്ക് മുമ്പാകരുത് എന്നാണ് ചട്ടം.