Kerala

ഡൽഹിയിൽ കെജ്‌രിവാളിന് പകരമായി സുനിതാ കെജ്രിവാളിനെയും പരിഗണിക്കുന്നു;ആം ആദ്‌മിയിൽ നേതൃത്വ പ്രതിസന്ധി

ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ അറസ്റ്റിലായതിന് പിന്നാലെ ആം ആദ്മി പാർട്ടിക്കും ഡൽഹി സർക്കാരിനും മുന്നിൽ നേതൃത്വ പ്രതിസന്ധി ഒരു ചോദ്യമായി ഉയരുകയാണ്. കെജ്‌രിവാളിൻ്റെ ഭാര്യ സുനിത കെജ്‌രിവാളിന്‍റെ പേരാണ് കാര്യമായി പരിഗണിക്കുന്നത്.

കൂടാതെ ക്യാബിനറ്റ് മന്ത്രിമാരായ അതിഷി, സൗരഭ് ഭരദ്വാജ് എന്നിവരെയും പകരക്കാരായി പരിഗണിക്കുന്നുണ്ട്. കെജ്‌രിവാളിൻ്റെ അഭാവത്തിൽ ഡൽഹി സർക്കാരിനെയും പാർട്ടിയെയും ഒരുപോലെ കൈകാര്യം ചെയ്യാൻ കഴിയുന്ന യോഗ്യതയുള്ള ഒരു നേതാവിനെ കൊണ്ടുവരിക എന്നതാണ് ആം ആദ്മി പാർട്ടിയുടെ മുന്നിലുള്ള പ്രധാന വെല്ലുവിളി.

അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചാലും അരവിന്ദ് കെജ്‌രിവാള്‍ മുഖ്യമന്ത്രിയായി തുടരുമെന്നും ജയിലിൽ കിടന്ന് രാജ്യ തലസ്ഥാനം ഭരിക്കുമെന്നും എഎപി നേതാവും മന്ത്രിയുമായ അതിഷി വ്യക്തമാക്കിയിരുന്നു. ഡല്‍ഹിയുടെ മുഖ്യമന്ത്രി പദത്തില്‍ കെജ്‌രിവാള്‍ തുടരും. സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്. തങ്ങളുടെ അഭിഭാഷകര്‍ കോടതിയിലേക്ക് എത്തുന്നു. രാത്രി തന്നെ അടിയന്തരമായി വാദം കേള്‍ക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്നും അവർ വ്യക്തമാക്കി. പ്രതിച്ഛായ തകർക്കാൻ ബിജെപി ശ്രമിക്കുന്നുവെന്നും എഎപി ആരോപിച്ചു.

രാഷ്ട്രീയ ഗൂഢാലോചനയാണിത്. ഇന്ത്യൻ ജനാധിപത്യത്തിലെ കറുത്ത ദിനമാണിത്. മോദിക്ക് കെജ്‍രിവാളിനെ പേടിയാണ്. രണ്ട് വർഷമായി പാർട്ടിക്കെതിരെ ഒരു തെളിവും കേന്ദ്ര ഏജൻസികൾക്ക് കണ്ടെത്താനായില്ല. ഒരു രൂപ പോലും കണ്ടെടുത്തില്ലെന്നും എഎപി പറഞ്ഞു. ജനാധിപത്യത്തെ കശാപ്പ് ചെയ്തെന്ന് കോൺഗ്രസും ആരോപിച്ചു.

അറസ്റ്റില്‍ നിന്ന് സംരക്ഷണം വേണമെന്ന ആവശ്യം ഡല്‍ഹി ഹൈക്കോടതി നിരസിച്ചതിനു പിന്നാലെയാണ് സെർച്ച് വാറന്റുമായി 12 അംഗ എന്‍ഫോഴ്‌സ്‌മെന്റ് സംഘം കെജ്‌രിവാളിന്റെ വീട്ടിലെത്തിയത്. രണ്ട് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷമായിരുന്നു അറസ്റ്റ്. മൊബൈൽ ഫോൺ ഉൾപ്പെടെ ഇഡി കസ്റ്റഡിയിലെടുത്തു. കെജ്‌രിവാളിനെ ഇഡി ഓഫീസിലേക്ക് കൊണ്ടുപോയി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top