മാവേലിക്കര : നിരവധി മോഷണ കേസുകളിൽ പ്രതിയായ അന്തർ സംസ്ഥാന മോഷ്ടാവ് പ്രകാശ് ബാബു എന്ന് വിളിക്കുന്ന മുഹമ്മദ് നിയാസ് (45) അറസ്റ്റിൽ. മാവേലിക്കര പോലീസാണ് ഇയാളെ പിടികൂടിയത്. കഴിഞ്ഞ ജനുവരി മാസം മുതൽ മാവേലിക്കര പൊലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട ചെട്ടികുളങ്ങരയിലും മാവേലിക്കര നഗര പരിസരത്തും ആളില്ലാത്ത വീടുകളുടെ മുൻവാതിൽ കുത്തിതുറന്ന് മോഷണം നടത്തിയിരുന്നു. ഇതിനെ തുടർന്ന് ആലപ്പുഴ ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോണിന്റെ നിർദേശപ്രകാരം മാവേലിക്കര സി.ഐ ബിജോയി.എസ്സിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് ആയിരുന്നു അന്വേഷണം. മോഷണം നടത്തിയ വീടുകളിലെ സിസിടിവി ഹാർഡ് ഡിസ്ക് മോഷ്ടാവ് അഴിച്ചെടുത്തു കൊണ്ടുപോയിരുന്നു.
സമീപ പ്രദേശങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് മോഷ്ടാവായ പ്രകാശ് ബാബുവിനെ തിരിച്ചറിയുന്നത്. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിനൊടുവിൽ പ്രകാശ് ബാബു ബംഗളൂരുവിൽ ആണ് സ്ഥിരതാമസമാക്കിയതെന്ന് മനസ്സിലാക്കുകയും പ്രത്യേക അന്വേഷണസംഘം ബംഗളൂരുവിൽ എത്തി ഇയാളെ പിടികൂടുകയായിരുന്നു.ചോദ്യം ചെയ്യലിൽ കർണാടക തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലെ നിരവധി മോഷണക്കേസുകളിലും, കണ്ണൂർ, കോഴിക്കോട്, മാഹി മഞ്ചേശ്വരം, കൊല്ലം എന്നിവടങ്ങളിലെ നിരവധി മോഷണ കേസുകളിൽ പ്രതിയാണ് പ്രകാശ് ബാബു എന്ന് കണ്ടെത്തി. ആർഭാടജീവിതം നയിക്കാനായി മോഷണം നടത്താൻ മധ്യകേരളത്തിലേക്ക് കടക്കുകയായിരുന്നു. സി.സി.ടി.വിയുള്ള വീടുകളിൽ ഹാർഡ് ഡിസ്ക് അഴിച്ചെടുത്തു കൊണ്ടുപോകും.
നേരം പുലരും മുൻപ് കയ്യിൽ കരുതിയിരിക്കുന്ന ഫോൾഡിംഗ് ട്രോളി ബാഗുമായി ദൂരയാത്ര പോകുന്നത് പോലെ അടുത്ത റെയിൽവേ സ്റ്റേഷനിൽ എത്തി ബെംഗളൂരുവിന് പോകും.ചെട്ടികുളങ്ങര പ്രദേശത്തെ നിരവധി വീടുകളിലും, മാവേലിക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് സമീപത്തെ രണ്ടു വീടുകളിലും, ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനു പടിഞ്ഞാറ് ഒരു വീട്ടിലും, ഹരിപ്പാട് കവലയ്ക്ക് പടിഞ്ഞാറു രണ്ടു വീടുകളിലും മോഷണം നടത്തിയതായി ഇയാൾ സമ്മതിച്ചു. പ്രതിയെ മാവേലിക്കര ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മാജിസ്ട്രേറ്റ് കോടതി ഒന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കൂടുതൽ അന്വേഷണത്തിനായി പ്രകാശ് ബാബുവിനെ കസ്റ്റഡിയിൽ വാങ്ങുമെന്ന് മാവേലിക്കര പൊലീസ് അറിയിച്ചു.