വർക്കല : വര്‍ക്കല തിരുവമ്പാടിയില്‍ കടലില്‍ കുളിക്കുന്നതിനിടയില്‍ തിരയില്‍പെട്ട് തമിഴ്നാട് സ്വദേശി മരിച്ചു. തമിഴ്നാട് കാരൂര്‍ പോളിടെക്നിക് കോളേജിലെ വിദ്യാര്‍ഥിയായ നാമക്കല്‍ സ്വദേശി വിശ്വ (21) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെ പാപനാശം തിരുവമ്പാടി ബ്ലാക്ക് സാന്റ് ബീച്ചിലായിരുന്നു അപകടം. കടലില്‍ കുളിക്കാനിറങ്ങിയവര്‍ക്ക് ലൈഫ് ഗാര്‍ഡ് അപകട മുന്നറിയിപ്പ് നല്‍കിയിരുന്നു.
കോളേജില്‍ നിന്നുള്ള 30 അംഗസംഘത്തിനൊപ്പമാണ് വിശ്വ തിരുവമ്പാടി തീരത്തെത്തിയത്. കടലില്‍ കുളിക്കുന്നതിനിടെ ശക്തമായ തിരയിലും അടിയൊഴുക്കിലുംപെട്ട് വിശ്വയും രണ്ട് വിദേശ വനിതകളും മുങ്ങിത്താഴുകയായിരുന്നു. തീരത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ലൈഫ് ഗാര്‍ഡ് സന്തോഷ് മൂവരെയും തീരത്തെത്തിച്ചു.
വിശ്വയുടെ ആരോഗ്യനില മോശമായതിനെതുടര്‍ന്ന് ലൈഫ് ഗാര്‍ഡും തീരത്തുണ്ടായിരുന്നവരും ആംബുലന്‍സിനായി വിളിച്ചെങ്കിലും ലഭിച്ചില്ല. തുടര്‍ന്ന് ലൈഫ് ഗാര്‍ഡ് ഒരു ബൈക്ക് സംഘടിപ്പിച്ച് അതില്‍ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വിശ്വയുടെ മൃതദേഹം വര്‍ക്കല താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്