വിദ്യാർത്ഥികൾക്ക് എംഡിഎംഎ വില്പന, കോട്ടയത്ത് മൂവർ സംഘം എക്സൈസ് പിടിയിൽ.രാസലഹരിയായ MDMA യും, കഞ്ചാവും വിദ്യാർത്ഥികൾക്കും, യുവാക്കൾക്കും നൽകുവാൻ കാറിൽ ഒളിപ്പിച്ച് എത്തിച്ച് നൽകുമ്പോഴാണ് ചങ്ങനാശ്ശേരിയിൽ വച്ച് പ്രതികൾ പിടിയിലായത്.ചെങ്ങന്നൂർ കല്ലിശ്ശേരി സ്വദേശികളായ ജെത്രോ വർഗ്ഗീസ് (27) സഹോദരൻ ജൂവൽ വർഗ്ഗീസ് (31), സുഹൃത്ത് സോനു രാജു (32) എന്നിവരെ കോട്ടയം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ രാജ് പി. യുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്.
പ്രതികളെല്ലാവരും ബിരുദാനന്തര ബിരുദമുള്ളവരും അധ്യാപകരായി അടക്കം പ്രവർത്തിക്കുന്നവരുമാണ്.ഇവരിൽ നിന്നും 3.5 ഗ്രാം MDMA , 20 ഗ്രാം കഞ്ചാവ് എന്നിവയും, മയക്ക്മരുന്ന് കടത്തുവാനുപയോഗിച്ച കാറും കസ്റ്റഡിയിൽ എടുത്തു.അളവ് കൃത്യമായി തൂക്കിയ ശേഷം ചെറു പ്ളാസ്റ്റിക് സിബ് കവറിലാക്കിയാണ് MDMA കൊണ്ടുവന്നത്.ഇതിനിടെ ചങ്ങനാശ്ശേരി കെഎസ്ആർടിസി സ്റ്റാന്റിന് സമീപം നിർത്തിയിട്ടിരുന്ന കാർ എക്സൈസുകാരെ കണ്ട് വേഗത്തിലെ ടുത്ത് മുന്നോട്ട് പോകുവാൻ ശ്രമിച്ചു.
തുടർന്ന് സമയോചിത ഇടപെടൽ നടത്തിയാണ് മൂന്നുപേരെ പിടികൂടിയത്.ബാംഗ്ലൂരിൽ നിന്നും കഞ്ചാവും രാസലഹരിയും നാട്ടിലെത്തിച്ച് ഇവർ വില്പന നടത്തി വരുകയായിരുന്നു.മുൻ വാഹന മോഷണ കേസിലെ പ്രതികൾ ഉൾപ്പെട്ട ഈ സംഘത്തിന്റെ നീക്കങ്ങൾ എക്സൈസ് സൈബർ സെല്ലിന്റെ സഹായത്താൽ നിരീക്ഷണം നടത്തുകയും പല പ്രാവശ്യമായി ഇവരുടെ യാത്രകളിൽ പിൻതുടരുകയും ചെയ്തിരുന്നു..
സംഘത്തിലെ കൂടുതൽ പേർ പിടിയിലാവുമെന്നാണ് സൂചന.കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.റെയ്ഡിൽ അസിസ്റ്റന്റ് എക്സൈസ് ഇൻ സ്പെക്ടർമാരായ കെ.ആർ ബിനോദ്, അനു വി. ഗോപിനാഥ് , പ്രിവന്റീവ് ഓഫീസർമാരായ വിനോദ് കെ.എൻ രാജേഷ് എസ്, കെ.സി ബൈജു മോൻ, നിഫി ജേക്കബ്, ആരോമൽ മോഹൻ, സിവിൽ എക്സൈസ് ഓഫീസർമാരായ വിനോദ് കുമാർ വി., സജീവ് കെ.എൽ , അജു ജോസഫ് ,ശ്യാം ശശിധരൻ , പ്രദീപ് എം.ജി, പ്രശോഭ് കെ.വി, വനിത സിവിൽ എക്സൈസ് ഓഫീസർ സബിത കെ.വി, എക്സൈസ് ഡ്രൈവർമാരായ അജയകുമാർ, അനിൽ എന്നിവരും പങ്കെടുത്തു.
മദ്യം മയക്ക്മരുന്ന് ഇവ സംബന്ധിച്ച വിവരങ്ങൾ 0481-2583801,9400069506 എന്നീ നമ്പരിൽ അറിയിക്കുക.