എരുമേലി: യുവാവിനെ ആക്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. എരുമേലി എരുത്വാപ്പുഴ ഭാഗത്ത് ആനക്കല്ലിൽ വീട്ടിൽ അജേഷ് എ.എസ് (43) എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാൾ കഴിഞ്ഞ ദിവസം രാത്രി 8 മണിയോടുകൂടി എരുത്വാപ്പുഴ കവല ഭാഗത്ത് വെച്ച് എരുത്വാപ്പുഴ സ്വദേശിയായ യുവാവിനെ ആക്രമിക്കുകയായിരുന്നു. അജേഷിന് യുവാവിനോട് മുന്‍വൈരാഗ്യം നിലനിന്നിരുന്നു . ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് രാത്രിയില്‍ വഴിയിലൂടെ നടന്നു വരികയായിരുന്ന യുവാവിനെ ഇയാൾ ചീത്ത വിളിക്കുകയും, മർദ്ദിക്കുകയും ചെയ്തത്.
മർദ്ദനത്തിൽ യുവാവിന് സാരമായ പരിക്കേൽക്കുകയും ചെയ്തു. പരാതിയെ തുടർന്ന് എരുമേലി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി എം. അനിൽകുമാറിന്റെ നേതൃത്വത്തിൽ ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. അജേഷിനെതിരെ എസ്.സി എസ്.ടി ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.