Kerala
മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകാത്ത കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന് ജാമ്യം.
ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകാത്ത കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന് ജാമ്യം. റോസ് അവന്യൂ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കേജ്രിവാൾ രാവിലെ കോടതിയിൽ ഹാജരായിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പ് ഇന്നു പ്രഖ്യാപിക്കാനിരിക്കെ കോടതി നടപടി ആം ആദ്‌മി പാർട്ടി ആശ്വാസകരമാണ്.
മദ്യനയ അഴിമതിക്കേസിൽ ചോദ്യം ചെയ്യുന്നതിനായി ഏഴു തവണ കേജ്രിവാളിന് ഇ.ഡി നോട്ടിസ് അയച്ചിരുന്നു. എന്നാൽ ഹാജാരാകാൻ അദ്ദേഹം തയാറായില്ല. ചോദ്യം ചെയ്യലിനു കേജ്രിവാൾ ഹാജരാകാത്തതിനെതിരെ ഇ.ഡി കോടതിയിൽ ഹർജി നൽകി. ഹർജിയിൽ കേജ്‌രിവാൾ ഇന്നു നേരിട്ടു ഹാജരാകണമെന്ന് കോടതി നിർദേശിച്ചു. സമൻസ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് അരവിന്ദ് കേജ്രിവാൾ നൽകിയ ഹർജി തള്ളിയതോടെയാണ് ഇന്നു കോടതിയിൽ എത്തിയത്.
മദ്യനയ അഴിമതിക്കേസിൽ, ബിആർഎസ് നേതാവും തെലങ്കാന മുൻ മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവുവിൻ്റെ മകളുമായ കെ.കവിതയെ എൻഫോഴ്സസ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഇന്നലെ ഹൈദരാബാദിൽ അറസ്റ്റ് ചെയ്തിരുന്നു. കവിതയുടെ വീട്ടിലെ റെയ്‌ഡിനൊടുവിൽ വൈകിട്ടായിരുന്നു അറസ്റ്റ്. കവിതയെ ഡൽഹിയിലെത്തിച്ചിരുന്നു. കേസിൽ ജയിലിലുള്ള ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ നൽകിയ പുനഃപരിശോധനാ ഹർജിയും സുപ്രീം കോടതി കഴിഞ്ഞദിവസം തള്ളി