Kerala
പുലിയന്നൂർ ജംഗ്ഷൻ പരിഷ്കാരം മരിയൻ ബസ് സ്റ്റോപ്പ് ഇല്ലാതാക്കും. പാസഞ്ചേഴ്സ് അസോസിയേഷൻ
പാലാ: സംസ്ഥാന പാതയിൽ പുലിയന്നൂർ ജംഗ്ഷനിലെ അപകട സാഹചര്യം കുറയ്ക്കുന്നത് ലക്ഷ്യമാക്കി നടപ്പാക്കുന്ന വൺവേ ട്രാഫിക് പരിഷ്കാരം മൂലം പാലായിൽ നിന്നും മരിയൻ ആശുപത്രി, പൊതുമരാമത്ത് ,ഇറിഗേഷൻ ഓഫീസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലേയ്ക്കുള്ള യാത്രക്കാർ ഇറങ്ങുന്ന മരിയൻ ജംഗ്ഷനിൽ നിലവിലുള്ള ഓർഡിനറി ബസ് സ്റ്റോപ്പ് ഇല്ലാതാക്കുന്ന വിധമാണെന്നും നിരവധി രോഗികൾ ഉൾപ്പെടെയുള്ളവർക്ക് ഇത് വളരെ ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്നും മരിയൻ ബസ് സ്റ്റോപ്പ് സംരക്ഷിക്കപ്പെടുന്ന തീരുമാനമാണ് ഉണ്ടാകേണ്ടതെന്നും പാസഞ്ചേഴ്സ് അസോസിയേഷൻ ചെയർമാൻ ജയ്സൺമാന്തോട്ടം ആവശ്യപ്പെട്ടു.
ഏറ്റുമാനൂർ ഭാഗത്തേയ്ക്കുള്ളമരിയൻ ബസ് സ്റ്റോപ്പ് ഇല്ലാതാകുന്നതുവഴി യാത്രക്കാർ അരുണാപുരത്തോ, പുലിയന്നൂരോ ഇറങ്ങി റോഡ് മുറിച്ചു കടക്കേണ്ടി വരുന്നത് വലിയ അപകടങ്ങൾക്കും ഗതാഗത തടസ്സങ്ങൾക്കും ഇടയാക്കുമെന്നും അദ്ദേഹം ചൂണ്ടി കാട്ടി.എത്രയും വേഗം പുലിയന്നൂർ ജംഗ്ഷനിൽ നാറ്റ്പാക് ഡിസൈൻ പ്രകാരം റൗണ്ടാനയും ഡിവൈഡറും സ്ഥാപിക്കുകയും 16 മീറ്റർ വീതിയുള്ള അരുണാപുരം ബൈപാസ് നാലുവരിപാതയാക്കുന്നതിനുള്ള നടപടി സ്വീകരിക്കുകയും ചെയ്ത് ശാശ്വത പരിഹാരമാണ് ഉണ്ടാക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.