തലയോലപ്പറമ്പ്: യുവതിയെ ആക്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ചെമ്പ് ഏനാദി ഭാഗത്ത് പുതുവേലിൽ വീട്ടിൽ ഷിനുമോൻ (34) എന്നയാളെയാണ് തലയോലപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ഇന്നലെ സന്ധ്യയോടുകൂടി തന്റെ വീട്ടിലെത്തിയ ആമ്പല്ലൂർ സ്വദേശിനിയായ യുവതിയെ മർദ്ദിക്കുകയായിരുന്നു. യുവതിയിൽ നിന്നും ഇയാൾ പണം കടം വാങ്ങിയിരുന്നു.
ഇത് തിരികെ കൊടുക്കാതിരുന്നതിനെ തുടർന്ന് യുവതി ഷിനുമോന്റെ വീട്ടിൽ ഇത് ചോദിക്കാനായി എത്തുകയായിരുന്നു. തുടർന്ന് ഇവർ തമ്മിൽ വാക്ക് തർക്കം ഉണ്ടാവുകയും, ഇയാൾ യുവതിയെ മർദ്ദിക്കുകയുമായിരുന്നു. പരാതിയെ തുടർന്ന് തലയോലപ്പറമ്പ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. തലയോലപ്പറമ്പ് സ്റ്റേഷൻ എസ്.ഐ മാരായ ഷെറി എം.എസ്, സജീവൻ കെ.ഡി, സി.പി.ഒ ഷൈൻ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.