കടുത്തുരുത്തി : ലോട്ടറികട കുത്തിത്തുറന്ന് പണം മോഷ്ടിച്ച കേസിൽ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. ളാലം പന്ത്രണ്ടാംമൈൽ,കടയം ഭാഗത്ത് ഉറുമ്പിൽ വീട്ടിൽ ബാബു (57) എന്നയാളെയാണ് കടുത്തുരുത്തി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ഇന്ന് (12.03.2024) വെളുപ്പിനെ കുറുപ്പന്തറ ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ലോട്ടറി കടയുടെ പൂട്ട് തകര്‍ത്ത് അകത്തു കടന്ന്, കടയ്ക്കുള്ളിൽ മേശയില്‍ സൂക്ഷിച്ചിരുന്ന 4000 രൂപ മോഷ്ടിച്ചുകൊണ്ട് കടന്നു കളയുകയായിരുന്നു.
വിവരമറിഞ്ഞ് പോലീസ് വെളുപ്പിനെ നടത്തിയ ശക്തമായ തിരച്ചിലിൽ മണിക്കൂറുകൾക്കുള്ളിൽ തന്നെ മോഷ്ടിച്ച പണവുമായി ഇയാളെ പിടികൂടുകയായിരുന്നു. കടുത്തുരുത്തി സ്റ്റേഷൻ എസ്.ഐ മാരായ ബഷീർ, നാസർ കെ, ഹരികുമാർ കെ.ബി, എ.എസ്.ഐ ശ്രീലതാമ്മാൾ, സി.പി.ഓ സാലി എച് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാൾക്ക് കാഞ്ഞിരപ്പള്ളി, കോതമംഗലം എന്നീ സ്റ്റേഷനുകളിൽ മോഷണ കേസുകൾ നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാണ്ട് ചെയ്തു.