Health

വേനൽമഴ: ഡെങ്കിപ്പനിയും ;മഞ്ഞപ്പിത്തവും വ്യാപിക്കാതിരിക്കാൻ മുൻകരുതൽ വേണം;

 

കോട്ടയം: ജില്ലയിൽ വേനൽമഴ ലഭിച്ച സാഹചര്യത്തിൽ ഡെങ്കിപ്പനി വ്യാപിക്കാതിരിക്കാൻ പൊതുജനങ്ങൾ പ്രത്യേകശ്രദ്ധ പുലർത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. പി.എൻ വിദ്യാധരൻ അറിയിച്ചു. വീട്ടിലും പരിസരത്തും ചെറുപാത്രങ്ങളിലും മരപ്പൊത്തുകളിലും കെട്ടിനിൽക്കുന്ന മഴവെള്ളം അടിയന്തരമായി നീക്കം ചെയ്യണം.

ചെറുപാത്രങ്ങളിൽ കെട്ടിനിൽക്കുന്ന ശുദ്ധജലത്തിലാണ് ഡെങ്കി വൈറസ് പരത്തുന്ന ഈഡിസ് കൊതുകുകൾ മുട്ടയിടുന്നത്. ഏഴുമുതൽ 10 ദിവസത്തിനുള്ളിൽ മുട്ട വിരിഞ്ഞ് കൊതുകാകും. വൈറസ് ബാധയുള്ള മുട്ടയാണ് വിരിയുന്നതെങ്കിൽ ആ കൊതുകിൽനിന്ന് ഡെങ്കിപ്പനി പകരാൻ സാധ്യതയേറെയാണ്.

വീടിനുചുറ്റും മഴവെള്ളം കെട്ടിനിൽക്കുന്ന ചെറുപാത്രങ്ങൾ, ചിരട്ടകൾ, സൺഷേഡുകൾ, മരപ്പൊത്തുകൾ തുടങ്ങിയവയിൽ നിന്നും കൂടാതെ വീട്ടിനകത്തും പുറത്തുമുള്ള ചെടിച്ചട്ടികൾ, ഫ്രിഡ്ജിനു പുറകിലെ ട്രേ എന്നിവയിൽ കെട്ടിനിൽക്കുന്ന വെള്ളം അടിയന്തരമായി നീക്കം ചെയ്യാൻ വീട്ടിലുള്ളവർ പ്രത്യേകം ശ്രദ്ധിക്കണം. കുടിവെള്ളം ശേഖരിച്ചു വെച്ചിരിക്കുന്ന ടാങ്കുകളിലും പാത്രങ്ങളിലും കൊതുകുകടക്കാതെ അടച്ചു സൂക്ഷിക്കണം. ഇവ കൊതുകുവല ഉപയോഗിച്ച് മൂടിയിടുന്നത് ഉത്തമമാണ്. ആഴ്ചയിലൊരിക്കലെങ്കിലും വീട്ടിനുള്ളിലും പരിസരത്തും കെട്ടിനിൽക്കുന്ന വെള്ളം ഒഴിവാക്കാനും ശുചിയാക്കാനും ശ്രദ്ധിക്കണം.

മഞ്ഞപ്പിത്തം പകരാതിരിക്കാനും ജാഗ്രത വേണം

കടുത്ത വേനലും വരൾച്ചയും മൂലം ജലക്ഷാമം നേരിടുന്ന സ്ഥലങ്ങളിൽ പ്രത്യേകിച്ച് ടാങ്കറുകളിൽ നിന്ന് വാങ്ങി ഉപയോഗിക്കുന്ന കുടിവെള്ളത്തിലൂടെ മഞ്ഞപ്പിത്തം, ടൈഫോയ്ഡ് തുടങ്ങിയ ജലജന്യരോഗങ്ങൾ പടരാനിടയുണ്ടെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. അതിനാൽ കുടിവെള്ള സ്രോതസുകൾ ആഴ്ചയിലൊരിക്കൽ ക്ലോറിനേറ്റ് ചെയ്യുകയോ, കുടിവെള്ളം ക്ലോറിൻ ഗുളിക ഉപയോഗിച്ച് ശുദ്ധീകരിക്കുകയോ ചെയ്യണം. ക്ലോറിനേറ്റ് ചെയ്തവെള്ളമായാലും തിളപ്പിച്ചാറിമാത്രമേ കുടിക്കാനുപയോഗിക്കാവൂ. വഴിയോരങ്ങളിൽ തുറന്ന് വെച്ച് വിൽക്കുന്ന ഭക്ഷണ പാനീയങ്ങൾ വാങ്ങി ഉപയോഗിക്കുന്നത് പരമാവധി ഒഴിവാക്കണം. ജ്യൂസ്, സർബത്ത് എന്നിവ വിൽകൂന്നവർ ശുചിത്വം പാലിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ശീതളപാനീയങ്ങളിൽ ഉപയോഗിക്കുന്ന ഐസ് ശുദ്ധജലം ഉപയോഗിച്ചുണ്ടാക്കിയതാണെന്നു ഉറപ്പാക്കണം. ശുദ്ധജലം ഉപയോഗിച്ചേ ഇത്തരം പാനീയങ്ങൾ ഉണ്ടാക്കാവൂ. പാനീയങ്ങൾ തയാറാക്കാൻ ഉപയോഗിക്കുന്ന മിക്‌സി, ജ്യൂസറുകൾ, പാത്രങ്ങൾ എന്നിവ ഓരോപ്രാവശ്യവും ശുചിയാക്കണം. ഇത്തരം കടകളിൽ ആരോഗ്യവകുപ്പിന്റെ നിരീക്ഷണവും പരിശോധനയും ശക്തമാക്കുമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top