Kerala

കേരളാ കോൺഗ്രസ് എമ്മും;സിപിഐ എമ്മും ചേർന്നപ്പോൾ ;കാരിരുമ്പിന്റെ കരുത്തുറ്റ കരൂർ ചുവന്നു

Posted on

കോട്ടയം :പാലാ :പാലായിലെ ഒരു പ്രധാനപ്പെട്ട പഞ്ചായത്താണ് കരൂർ.ആൾ ബലം കൊണ്ടും ;അങ്ക ബലം കൊണ്ടും രണ്ടു പാർട്ടികളുടെയും ഹൃദയ ഭൂമിയുമാണ് കരൂർ പഞ്ചായത്ത്.കേരളാ കോൺഗ്രസിന്റെ സംസ്ഥാന നേതാവ് ഫിലിപ്പ് കുഴികുളത്തിന്റെയും ;സിപിഐഎം ജില്ലാ നേതാവ് ലാലിച്ചൻ ജോർജിന്റെയും തട്ടകമാണ് കരൂർ പഞ്ചായത്ത്.

അതുകൊണ്ടു തന്നെ അണികൾക്കും വാശി കൂടും .വാശിയുടെ ബഹിർസ്പുരണമായി ഇന്നലെ പേണ്ടാനം വയൽ ജങ്ഷനിൽ കൂറ്റൻ സിപിഐഎം എന്ന എഴുത്തും ഉയർന്നു.ഒരക്ഷരത്തിനു രണ്ടു മീറ്റർ ഉയരമുണ്ട്.പാലാ കൂത്താട്ടുകുളം  റോഡിന്റെ നടുക്കാണ് എഴുതിയിരിക്കുന്നത് .ഇന്നലെ രാത്രിയിൽ നാല് പേരുടെ രണ്ടു മണിക്കൂർ ശ്രമ ഫലമായാണ് സിപിഎം ഉയർന്നത്.

ഇപ്പോൾ കരൂർ പഞ്ചായത്തും ചുവന്നിരിക്കയാണ്.ചുവപ്പിന്റെ പിറകിൽ മറ്റൊരു ചുവപ്പും വെള്ളയും ഉണ്ടെന്നു മാത്രം.സിപിഎം നാണു ഇപ്പോൾ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം .അനസ്യാ രാമൻ . ഇക്കഴിഞ്ഞ വലവൂർ ബാങ്ക് തെരെഞ്ഞെടുപ്പിൽ ഫിലിപ്പും ;ലാലിച്ചനും കെട്ടിപിടിച്ചാണ് നടന്നിരുന്നത്.മുല്ലവള്ളിയും തേന്മാവും പോലെ . അതുകൊണ്ടു തന്നെ ബാങ്ക് വൻ ഭൂരിപക്ഷത്തോടെ എൽ ഡി എഫ് നിലനിർത്തി.പക്ഷെ ഏറ്റവും വോട്ടു നേടി പ്രതിപക്ഷത്തെ ഒന്നാമനായത് പഴയൊരു കേരളാ കോൺഗ്രസ് നേതാവിന്റെ കൊച്ചുമകനുമാണ് .അലൻ കക്കാടൻ.

പണ്ട് കേരളാ കോൺഗ്രസിന്റെ പൊന്നാപുരം കോട്ടയായിരുന്നു കരൂർ.പിതാവിനും ,പുത്രനും ,പരിശുദ്ധാത്മാവിനും ;മാണി സാറിനും സ്തുതിയായിരിക്കട്ടെ എന്ന് കുണുക്കിട്ട ചേടത്തിമാരും ;പാള തൊപ്പിയണിഞ്ഞ ചേട്ടന്മാരും പറഞ്ഞിരുന്ന ഒരു കാലം .അന്നൊക്കെ തെരെഞ്ഞെടുപ്പ് കാലത്ത് കെ എം  മാണിയുടെ ബോർഡ് അനുയായികൾ തന്നെ കീറുമായിരുന്നു.കളി കാണാമല്ലോ . ഞായറാഴ്ച കുർബാന കഴിഞ്ഞു വരുന്ന ചേടത്തിമാർ നെഞ്ചത്ത് കൈയും വച്ച് മനസ്സിൽ കൊണ്ട് പ്രാകുമായിരുന്നു  .ഞങ്ങടെ മാണിസാറിനോട്  ഇത് ചെയ്തവനൊന്നും വെള്ളവിറങ്ങി  ചാകത്തില്ല.ഇത് കേൾക്കുമ്പോൾ അനുയായികൾക്കും സന്തോഷമാകും.പാള തൊപ്പി വച്ച പല കാരണവന്മാരും പ്രാകും മകാരവും ,പുകാരവും ഒക്കെ കൂട്ടിനുണ്ടാകും.

1987 ലെ കട്ടൻസ് ടെസ്റ്റ് വെട്ടോടെയാണ് സി ഐ ടി യു  വും .സിപിഐ എമ്മും  ശക്തി പ്രാപിച്ചത്.അന്ന് തെരഞ്ഞെടുപ്പിന്റെ വീറും  വാശിയുമായിരുന്നു കരൂർ പഞ്ചായത്തിൽ കാണുവാൻ സാധിച്ചത് .ശിവൻ പയപ്പാർ.ശേഖരൻ  നെച്ചിപ്പുഴൂർ;കുട്ടി പാറത്തോട് ഇവരുടെ നേതൃത്വത്തിലാണ് സി ഐ ടി യു  രംഗത്തിറങ്ങിയത്. രാജു ഒമ്പതര;തങ്കൻ കുളങ്ങര ;ലൂക്കാ എന്നീ തൊഴിലാളികളിൽ ശക്തരായവരുടെ നേതൃത്വത്തിൽ കെ ടി യു  സി യും രംഗത്തിറങ്ങി .ജോസുകുട്ടി പൂവേലി  ആയിരുന്നു അന്ന് കെ ടി യു  സി യുടെ പഞ്ചായത്ത് സെക്രട്ടറി;അന്ന് ജോസുകുട്ടിക്കു ഒരു സൈക്കിൾ ഉണ്ടായിരുന്നു .ഒരു കുടയും കുഞ്ഞി പെങ്ങളുമെന്ന പോലെ . ആ സൈക്കിളിലാണ് അന്ന് ജോസുകുട്ടി കമ്മിറ്റികളിൽ നിന്നും കമ്മിറ്റികളിലേക്കു പൊയ്ക്കൊണ്ടിരുന്നത് .

അന്നത്തെ കാലത്ത് ടെസ്റ്റ് വെട്ടിനു തോട്ടം നൽകുവാൻ ഒരു കർഷകനും തയ്യാറായില്ല.എന്നാൽ അല്ലപ്പാറയിലെ മാണീ ഗ്രൂപ്പ് പ്രവർത്തകനായ പൂവേലി മാമച്ചൻ ടെസ്റ്റ് വെട്ടിന് തോട്ടം കൊടുക്കാൻ തയ്യാറായി.രാവിലെ എട്ട് മുതൽ വൈകിട്ട് അഞ്ചിനുള്ളിൽ എട്ട് തൊഴിലാളികൾ 14 ടൺ റബ്ബർ തടി മുറിച്ച് ലോഡ് ചെയ്യണം,പെരുമ്പാവൂർ കൊണ്ട് പോയി തൂക്കി തിരിച്ചു വന്നു തൂക്ക ചീട്ടു കാണിക്കുമ്പോൾ ഒരു യൂണിയൻ വിജയിച്ചതായി പ്രഖ്യാപിക്കും .അക്കാലത്ത് തുള്ളി വിറയ്ക്കുന്ന മാണീ ഗ്രൂപ്പ് പ്രവർത്തകനായിരുന്നു പൂവേലി  മാമച്ചൻ എങ്കിലും ഇന്ന് അദ്ദേഹം മാണീ ഗ്രൂപ്പുകാരനല്ല .ഇന്നും അദ്ദേഹം ഒരു മാണിയോട് അനുഭവമുള്ളയാളാണ് .മാണി സി കാപ്പനോട് .

അന്നത്തെ കാലത്തെ മാണീ ഗ്രൂപ്പ് പ്രകടനങ്ങളിൽ ബാന്റ് മേളത്തോടു ഒപ്പം നാടൻ ഡാൻസ് കളിക്കുമായിരുന്നു പൂവേലി മാമച്ചൻ.സി പി എം കാരായ എതിരാളികളെ കാണുമ്പോൾ രണ്ടില കൈയ്യിലെടുത്ത് പിച്ചി കീറി ശക്തിയോടെ  നിലത്തേക്കെറിയുന്നതും  അദ്ദേഹത്തിന്റെ ഒരു പ്രതിഷേധ രീതിയായിരുന്നു.ഇഷ്ടമില്ലാത്തതിനെ എന്തും “പിച്ച” എന്ന വാക്ക് ചേർത്താണ് അദ്ദേഹം വിളിച്ചിരുന്നത്.പിച്ച പാർട്ടി.പിച്ചത്തരം ;പിച്ചക്കേസ് ;കൈക്കൂലി വാങ്ങുന്ന പോലീസിനെ പിച്ച പോലീസ് എന്നൊക്കെയാണ് പൂവേലി മാമച്ചൻ സംബോധന ചെയ്യാറുള്ളത്.1987 ലെ നായനാർ ഭരണത്തിലെ സ്വാധീനം വച്ച് ആർ ഡി ഒ യെ സ്വാധീനിച്ച് ടെസ്റ്റ് വെട്ട് അസാധു ആക്കുകയും .തുടർന്ന് നടന്ന ചർച്ചയുടെ ഭാഗമായി സി ഐ ടി യു  വിനു 36 ശതമാനവും ;കെ ടി യു  സി ക്കു 30 ശതമാനവുമായി നിജപ്പെടുത്തി .യൂണിയൻ വിഹിതം പുനഃക്രമീകരിച്ചു.കെ ടി യു  സി 29 യൂണിയൻ വിജയിച്ചു നിൽക്കുമ്പോഴാണ് ടെസ്റ്റ് വെട്ട് അസാധു ആക്കിയത് .അതിനെ പൂവേലി മാമച്ചൻ അന്ന് വിശേഷിപ്പിച്ചത് ഒരു മാതിരി പിച്ചക്കേസായി പോയല്ലോ.കെ ടി യു  സി ക്കു തൂത്ത് വാരി എടുക്കാമായിരുന്നു.നമ്മുടെ നേതാക്കന്മാർക്ക് കഴിവില്ലാതെ പോയി.ലാലിച്ചനെ  കണ്ടപ്പോൾ കവാത്ത് മറന്നു .പിച്ച യൂണിയങ്കാര് കൂടുതൽ ശതമാനം നേടിയില്ലെ എന്നൊക്കെയായിരുതുന്നു അദ്ദേഹത്തിന്റെ പരാതി .

അതോടെ സിപിഎം നു വൻ മുന്നേറ്റമുണ്ടായി ,കേരളാ കോൺഗ്രസ് കിതയ്ക്കാനും തുടങ്ങി.കുണുക്കിട്ട ചേടത്തിമാരുടെയും ,പാളത്തൊപ്പി വച്ച ചേട്ടന്മാരുടെയും കാലം കഴിഞ്ഞപ്പോൾ പുതു തലമുറ കേരള കോൺഗ്രസുമായി അകന്നു ,ഈ തെരഞ്ഞെടുപ്പിലും മാണി സി കാപ്പൻ നല്ല ലീഡ് നേടി കരൂർ പഞ്ചായത്തിൽ നിന്നും .

അക്കാലത്ത് അതായത് 1987 ൽ നടന്ന പഞ്ചായത്ത് തെരെഞ്ഞെടുപ്പിൽ കേരളാ കോൺഗ്രസിൽ വിമത പ്രശ്നമുണ്ടായി.അല്ല പ്പാറയിൽ നിന്നും ഇപ്പോഴത്തെ  പഞ്ചായത്ത് മെമ്പർ ആനിയമ്മയുടെ ഭർത്താവ് ജോസ് വിമത സ്ഥാനാർത്ഥിയായി വന്നപ്പോൾ കേരളാ കോൺഗ്രസിന്റെ  കഷ്ടകാലം തുടങ്ങുകയായിരുന്നു .പൂവേലി മാമച്ചനും  .കാപ്പിൽ കുര്യാക്കോച്ചനുമായിരുന്നു വിമത പ്രവർത്തനങ്ങളുടെ ബുദ്ധി കേന്ദ്രം.ഒത്തു തീർപ്പിനായി ഫിലിപ് കുഴികുളം വന്നപ്പോൾ മിണ്ടാ മൂളികളായ പല കേരളാ കോൺഗ്രസ് പ്രവർത്തകരും കടുത്ത വാക്ക് ചാതുര്യത്തോടെ വാദ മുഖങ്ങൾ അവതരിപ്പിക്കാൻ തുടങ്ങി.ഒന്നാം പ്രമാണത്തിന്റെ ലംഘനമാണെന്നറിഞ്ഞിട്ടും തർക്കുത്തരം പറയുന്നത് കേട്ട ഫിലിപ് കുഴികുളം ഒടുവിൽ ഗതികെട്ടപ്പോൾ  പറഞ്ഞു ഇതിന്റെയൊക്കെ ബുദ്ധികേന്ദ്രം എവിടെയാണ് എന്ന് എനിക്കറിയാം കേട്ടോ അധികമൊന്നും പറയണ്ട ..അടുത്ത് നിന്ന കുര്യാക്കോച്ചനെയും ;മാമച്ചനെയും നോക്കിയാണ് ഫിലിപ് ഇങ്ങനെ പറഞ്ഞത് .അടുത്ത ബാങ്ക് തെരെഞ്ഞെടുപ്പിൽ ആനിയമ്മ ജോസിന് ഒരു സീറ്റ് നല്കാമെന്നുള്ള ഒത്തു തീർപ്പിൽ ആ വിമത പ്രശ്നം അതോടെ ഒഴിവാകുകയായിരുന്നു .പക്ഷെ അതോടെയാണ് മാണീ ഗ്രൂപ്പിന്റെ അന്ത്യവും തുടങ്ങിയത് .മാമച്ചൻ പിന്നെ ആനിയമ്മയ്ക്കു എതിരായതും ഒക്കെ ഗതകാല ചരിത്രമാണ് .

അയ്യോയീ അരിവാള് തല കൊയ്യാനാണെ …അയ്യോയീ ചുറ്റിക ചുറ്റിക്കാനാണെ ….അയ്യോയീ നക്ഷത്രം നാശത്തിനാണെ എന്ന് കേരളാ കോൺഗ്രസ്സുകാർ അലറി വിളിച്ച് പ്രകടനം നടത്തുമ്പോൾ 1987 നു ശേഷം സിപിഎം കാരും ബദൽ പ്രകടനം നടത്തുവാൻ തുടങ്ങി .കെ എം മാണി ഉമ്മാണി …പാലാ പള്ളീലെ കപ്യാരെ …നിന്നെക്കൊണ്ടു വിളിപ്പിക്കും …ഈയെമ്മെസ് എ കെ ജി സുന്ദരയ്യ സിന്ദാബാദ്…എന്നും അയ്യോയീ അരിവാള് കതിർ കൊയ്യാനാണെ …അയ്യോയീ ചുറ്റിക പണിയായുധമാണെ …അയ്യോയീ നക്ഷത്രം നന്മയ്ക്കു ആണേ എന്നൊക്കെ സിപിഎം കാരും  വിളിച്ചു പറയുവാൻ തുടങ്ങി.അതിനു മുമ്പേ മണീ ഗ്രൂപ്പിന്റെ തെരെഞ്ഞെടുപ്പ് ചിഹ്നമായ കുതിരയുടെ അടിയിൽ കുനുപ്പ് ഇട്ടു വയ്ക്കുന്ന പരിപാടി സിപിഎം കാർ വിജയകരമായി നടപ്പാക്കുമായിരുന്നു .സെക്കൻഡ് ഷോയ്ക്കു പോയിട്ട് വരുന്ന വഴിയിൽ കാണുന്ന കുതിരയ്ക്കെല്ലാം കുനുപ്പ് വരയ്ക്കുന്നത് അക്കാലത്ത് മാർക്സിസ്റ്റ് കാരുടെ ഒരു ധീരതയുടെ അടയാളമായിരുന്നു .പിറ്റേ ദിവസം മാണീ ഗ്രൂപ്പ് പ്രകടനങ്ങളിൽ മുഴങ്ങി കേട്ട മുദ്രാവാക്യം ..കുതിരയ്ക്കണ്ടി വരച്ചവരെ….മാർക്സിസ്റ്റ് കാരെ ഗുണ്ടകളെ ..നിന്നെ കൊണ്ട് വിളിപ്പിക്കും …കെ എം മാണി സിന്ദാബാദ്..

അതൊക്കെയൊരു കാലം ഇന്ന് ലാലിച്ചനും ,ഫിലിപ്പും അടയും ചക്കരയും പോലെയാണ്.ഫിലിപ് ലാലിച്ച ആ ആ ആ ആ ..എന്ന് ദാഹാർദ്രമായി  നീട്ടി വിളിക്കുമ്പോൾ ലാലിച്ചൻ വിളികേൾക്കും എന്നാ ഒണ്ടു ഫിലിപ്പെ ഏ ഏ ഏ ഏ …സത്യൻ ഷീല ജോഡികളെ പോലെയാണവർ ഇപ്പോൾ .കൊണ്ട് കൊടുത്തും ആ സൗഹൃദം മുന്നേറുകയാണ്.ഇതെല്ലാമറിഞ്ഞു ചിറ്റാർ തോടും ഒഴുകുകയാണ്.കൊള്ളൂകയും ;കൊടുക്കുകയും ചെയ്തുകൊണ്ട് …

തങ്കച്ചൻ പാലാ 
കോട്ടയം മീഡിയാ 

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version