Crime
കുഴൽ കിണറ്റിൽ തോട്ട പൊട്ടിച്ചിടുന്നതിനിടയിൽ പൊട്ടിത്തെറിച്ച് ഒരാൾക്ക് ദാരുണ അന്ത്യം
ഇടുക്കി നെടുങ്കണ്ടത്ത് തോട്ട പൊട്ടി ഗുരുതര പരിക്കേറ്റ ഒരാൾ മരിച്ചു. കമ്പംമെട്ട് സ്വദേശി രാജേന്ദ്രൻ ആണ് മരിച്ചത്. അണക്കര സ്വദേശി ജയ്മോൻ പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. തോട്ട പൊട്ടി രാജേന്ദ്രന്‍റെ കൈകൾ അറ്റുപോയിരുന്നു. രാജേന്ദ്രന്‍റെ കാലിനും ഗുരുതര പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെയും കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റിയെങ്കിലും രാജേന്ദ്രനെ രക്ഷിക്കാനായില്ല.
കാമാക്ഷി വിലാസം കോണ്ടിനെന്‍റൽ എസ്റ്റേറ്റിൽ വൈകിട്ട് 7 മണിയോടു കൂടിയാണ് സംഭവം. കുഴൽ കിണർ ഏറെ ആഴത്തില്‍ കുഴിച്ചിട്ടും വെള്ളം കുറവായതിനെ തുടർന്ന് കുഴൽ കിണറിലേക്ക് തോട്ട പൊട്ടിച്ച് ഇടുകയായിരുന്നു. ഇതിനിടെയായിരുന്നു അപകടം.
ഇരുവരെയും 2 ആംബുലൻസുകളിലായാണ് കോട്ടയത്ത് എത്തിച്ചത്. വാഹനങ്ങൾ കടന്നു പോകുന്നതിനായി വഴി നീളെ നിർദേശം നൽകിയിരുന്നു.വാട്ട്സാപ്പ് ഗ്രൂപ്പുകളിലൂടെ സന്ദേശങ്ങൾ പ്രചരിച്ചതിനാൽ ആംബുലൻസ് കടന്നു പോകുന്ന വഴികളിൽ തടസ്സങ്ങൾ ഒഴിവാക്കാൻ പോലീസും നാട്ടുകാരും മുന്നിട്ടിറങ്ങി.