കുമരകം: തലചായ്ക്കാനുണ്ടായിരുന്നയിടം തകർന്ന് നിലം പറ്റിയതോടെ ഇനിയെന്ത് എന്ന ധർമ്മസങ്കടത്തിലാണ് കായപ്പുറം വീട്ടിൽ തമ്പാൻ (57). മേൽകൂര തകർന്ന് വീടിൻ്റെ മുൻഭാഗം ആശുപത്രി റോഡിൽ പതിച്ചെങ്കിലും കഴുക്കോലും പട്ടികയും ഒപ്പം ധാരാളം ഓടുകളും നിലം പൊത്താറായി അപകടാവസ്ഥയിൽ പുരമുകളിലുണ്ട്. സ്ഥലത്തെത്തിയ ഫയർഫോഴ്സ് ഉദ്യാേഗസ്ഥർ വീട്ടുകാർ ആരെയെങ്കിലും വിളിച്ച് മേൽകൂരയും ഓടും പൊളിച്ച് മാറ്റാൻ നിർദ്ദേശിക്കുകയായിരുന്നു. കൂലിക്കാരെ വിളിച്ച് ജോലി ചെയ്യിക്കാൻ കഴിയാത്ത സ്ഥിതിയാണ് വീട്ടുടമക്കും വൃദ്ധയായ മാതാവിനും. പണവും ഇല്ല ആരോഗ്യവും ഇല്ല. കഴിഞ്ഞ 25- ന് വള്ളാറപള്ളി പാലത്തിന് സമീപം വെച്ച് ബൈക്കിടിച്ചു പരുക്കേറ്റു ചികിത്സയിലാണ് തമ്പാൻ.
ഇതോടെ കിടപ്പു രോഗിയായ മാതാവ് ലീലാമ്മ (87) യ്ക്കും സഹായത്തിനാരുമില്ലാതെയായി. അതിരമ്പുഴയിൽ വിവാഹം കഴിച്ചയച്ച സഹോദരി മിനിയെത്തിയാണ് ഇരുവരേയും സഹായിക്കുന്നത്. അഞ്ചുമാസം മുമ്പ് ടങ്കർ ലോറിയിടിച്ച് വീടിൻ്റെ കുറച്ചു ഭാഗത്തെ ഓട് പൊട്ടി പോയിരുന്നു. പിന്നീട് ഇരുമ്പു ഷീറ്റിടുകയായിരുന്നു. ഏക വരുമാന മാർഗ്ഗമായി വീടിനോട് ചേർന്നുണ്ടായിരുന്ന കടമുറിയും തകർന്ന അവസ്ഥയിലാണ്.
സമീപത്തെ പല കെട്ടിടങ്ങളും വീടുകളും അപകടഭീതിയിലാണ്. താൽക്കാലിക റോഡിലൂടെ കടത്തിവിടില്ല എന്ന അധികൃതരുടെ അറിയിപ്പ് കാറ്റിൽ പറത്തി നിരവധി ഭാരവണ്ടികളാണ് രാത്രയിൽ ആശുപത്രി – ഗുരുമന്ദിരം റോഡിലൂടെ കടന്നുപോകുന്നത്. ഇതോടെ വീതികുറഞ്ഞ റോഡിന് സമീപമുള്ള നിരവധി വീടുകൾക്ക് ബലക്ഷയം സംഭവിച്ചിട്ടുണ്ട്. ഭയത്തോടെയാന്ന് പലരും വീടുകളിലും കെട്ടിടങ്ങളിലും കഴിഞ്ഞു കൂടുന്നത്