Kerala

മന്ത്രവാദവും ആഭിചാരക്രിയകളും, നിഗൂഡമായ വീട്; 2 സ്ത്രീകൾ ഉള്ളതായി ഒരു മനുഷ്യക്കുഞ്ഞ് പോലും അറിഞ്ഞില്ല, ദുരൂഹത.

Posted on

 

കട്ടപ്പന: ഗൃഹനാഥനെയും നവജാത ശിശുവിനെയും കൊന്ന് കുഴിച്ചുമൂടിയെന്ന സംശയത്തിൽ ഇന്ന് കൂടുതൽ പരിശോധന നടത്താൻ സാധ്യത. മോഷണക്കേസിൽ പീരുമേട് ജയിലിൽ കഴിയുന്ന നിതീഷിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു കിട്ടിയാൽ മാത്രമേ ഇനിയുള്ള അന്വേഷണം പുരോഗമിക്കുകയുള്ളൂ. ഇതിനായി അന്വേഷണ സംഘം ഇന്ന് കോടതിയെ സമീപിക്കും. പ്രതിയെ വിട്ടു കിട്ടിയാൽ മൃതദേഹം മറവു ചെയ്തിട്ടുണ്ട് എന്ന് സംശയിക്കുന്ന കക്കാട്ടുകടയിലെ വീടിന്റെ തറ മാന്തിയാകും പരിശോധന നടത്തുക. നവജാത ശിശുവിനെ കൊന്ന് മറവു ചെയ്തെന്ന് സംശയിക്കുന്ന കട്ടപ്പന സാഗര ജംഗ്ഷനിലെ വീട്ടിലും പരിശോധന നടത്തും. മറ്റൊരു പ്രതിയെന്ന് സംശയിക്കുന്ന വിഷ്ണു ഇതേ മോഷണ കേസിനിടെ കാലൊടിഞ്ഞ് പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ജുഡിഷ്യൽ കസ്റ്റഡിയിലാണ്. വിഷ്ണുവിനെയും വിട്ടു കിട്ടിയാലേ കേസിൽ അന്വേഷണ പുരോഗതി ഉണ്ടാകു.

വഴിത്തിരിവായത് മോഷണക്കേസിലെ അറസ്റ്റ്

മോഷണക്കേസിൽ അറസ്റ്റിലായ പ്രതികളെ കുറിച്ചുള്ള അന്വേഷണമാണ് ഇരട്ട കൊലപാതകം നടന്നുവെന്ന സംശയത്തിലേക്ക് പൊലീസിനെ എത്തിച്ചിരിക്കുന്നത്. റിമാൻഡിൽ കഴിയുന്ന നിതീഷിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുവാനാണ് പൊലീസ് ശ്രമിക്കുന്നത്. ഇതിനായുള്ള അപേക്ഷ ഇന്ന് കോടതി അവധിയാണെങ്കിലും പ്രത്യേകമായി പരിഗണിക്കുമെന്നാണ് സൂചന. വിശദമായ ചോദ്യം ചെയ്യലിന് ശേഷം ഇയാളെ കക്കാട്ടുകടയിലെ വീട്ടിൽ എത്തിക്കും. തുടർന്നാകും വീടിന്റെ തറ ഉൾപ്പടെ മാന്തിയുള്ള പരിശോധന നടത്തുക.

മന്ത്രവാദവും ആഭിചാര ക്രിയകളും നടന്നിരുന്നതായി തെളിവുകൾ

നിതീഷ്, വിഷ്ണു, വിഷ്ണുവിന്റെ മാതാവ്, സഹോദരി എന്നിവരാണ് കക്കാട്ടുകടയിലെ വാടക വീട്ടിൽ കഴിഞ്ഞിരുന്നത്. ഇവിടെ ആഭിചാര ക്രിയകൾ നടന്നതായി സംശയിക്കുന്ന തെളിവുകൾ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. വിഷ്ണുവിൻ്റെ പിതാവ് വിജയനെ കുറെ കാലമായി കാൺമാനില്ലായിരുന്നു. വിജയനെ കൊലപ്പെടുത്തി വീടിനുള്ളിൽ കുഴിച്ചു മൂടിയതായും അതിനും വർഷങ്ങൾക്ക് മുമ്പ് നവജാത ശിശുവിനെയും കൊലപ്പെടുത്തി ഇവർ മുൻപ് താമസിച്ചിരുന്ന വീടിനുള്ളിൽ കുഴിച്ചു മൂടിയതായാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. വിഷ്ണുവിന്റെ സഹോദരിയാണ് ഈ വിവരങ്ങൾ വെളിപ്പെടുത്തിയത് എന്നാണ് സൂചന. എന്നാൽ ഈ കാര്യങ്ങളൊക്കെ പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version