Kerala

പൊതുപ്രവര്‍ത്തകയോട് അശ്ലീലച്ചുവയോടെ സംസാരിക്കുകയും മൊബൈല്‍ ഫോണില്‍ വിളിച്ച് നിരന്തരം ശല്ല്യപ്പെടുത്തുകയും ചെയ്ത പോലീസ് ഉദ്യോഗസ്ഥന് 18 മാസം തടവും പതിനായിരം രൂപ പിഴയും ശിക്ഷ

ഇടുക്കി : പൊതുപ്രവര്‍ത്തകയോട് അശ്ലീലച്ചുവയോടെ സംസാരിക്കുകയും മൊബൈല്‍ ഫോണില്‍ വിളിച്ച് നിരന്തരം ശല്ല്യപ്പെടുത്തുകയും ചെയ്ത പോലീസ് ഉദ്യോഗസ്ഥന് 18 മാസം തടവും പതിനായിരം രൂപ പിഴയും ശിക്ഷ. മുരിക്കാശ്ശേരി സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടറായിരുന്ന കുറുക്കന്‍പറമ്പില്‍ തങ്കച്ചനെ(55) ആണ് ഇടുക്കി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ര്ടേറ്റ് കോടതി ശിക്ഷിച്ചത്.

2019 സെപ്തംബറിലാണ് കേസിനാസ്പദമായ സംഭവം. അകാരണമായി ഫോണ്‍ വിളിച്ച് ശല്ല്യപ്പെടുത്തുകയും അശ്ലീലം പറയുന്നതും പതിവായതോടെയാണ് മുരിക്കാശ്ശേരി സ്വദേശിനിയും പൊതുപ്രവര്‍ത്ത കയുമായ .യുവതി നിയമനടപടിയുമായി മുന്നോട്ട് പോയത്. ആദ്യം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും എസ്.ഐ.ക്കെതിരെ അന്വേഷണം നടത്താന്‍ ഉദ്യോഗസ്ഥര്‍ തയ്യാറായില്ല. അതിനിടയില്‍ പ്രതി വീണ്ടും ശല്ല്യം തുടര്‍ന്നു. ഇതോടെ യുവതി ഇടുക്കി ജില്ലാ പോലീസ് മേധാവിക്ക് നേരിട്ട് പരാതി സമര്‍പ്പിക്കുകയായിരുന്നു. ഈ പരാതിയില്‍ നടത്തിയ അന്വേഷണമാണ് വിജയം കണ്ടത്.

മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പ്രതി നടത്തിയ സംഭാഷണങ്ങളും മറ്റും കോടതി തെളിവായി സ്വീകരിച്ചു. സ്ത്രീ സുരക്ഷക്ക് മുന്‍തൂക്കം നല്‍കി പ്രവര്‍ത്തിക്കേണ്ട നിയമപാലകന്‍ തന്നെ ഇത്തരത്തില്‍ സ്ത്രീകളെ ഉപദ്രവിക്കുന്ന രീതി ഗൗരവതരമെന്ന് കോടതി നിരീക്ഷിച്ചു. ഐ.പി.സി 354 എ1, 354 ഡി1, കേരളാ പോലീസ് ആക്ട് 120(ഒ) എന്നീ വകുപ്പുകള്‍ പ്രകാരമാണ് മജിസ്ട്രേറ്റ് അല്‍ഫോന്‍സാ തെരേസ തോമസ് ശിക്ഷ വിധിച്ചത്. പരാതിക്കാരിക്ക് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. രമേഷ്. ഇ ഹാജരായി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top