ഏറ്റുമാനൂർ :ജില്ലയിലെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഒളിവിൽ കഴിഞ്ഞിരുന്ന കുപ്രസിദ്ധ കുറ്റവാളിയെ പോലീസ് അറസ്റ്റ് ചെയ്തു. അതിരമ്പുഴ കോട്ടമുറി ഭാഗത്ത് തൊട്ടിമാലിയിൽ വീട്ടിൽ അച്ചു സന്തോഷ് (27) എന്നയാളെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളും സുഹൃത്തുക്കളും ചേർന്ന് 2023 നവംബർ 22 ആം തീയതി വൈകിട്ട് അതിരമ്പുഴയിൽ പ്രവർത്തിക്കുന്ന ഷാപ്പിലെത്തി കള്ള് ആവശ്യപ്പെടുകയും ജീവനക്കാരൻ കള്ളു കൊടുക്കാൻ താമസിച്ചുവെന്ന് പറഞ്ഞ് ഇയാളെ കള്ള് കുപ്പി കൊണ്ട് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു.
തുടർന്ന് ഈ കേസിലെ മറ്റു പ്രതികളെ പോലീസ് പിടികൂടുകയും മുഖ്യ പ്രതിയായ അച്ചു സന്തോഷ് ഒളിവിൽ പോവുകയും ചെയ്തിരുന്നു. തുടർന്ന് നിരവധി ക്രിമിനൽ കേസുകളില്‍ പ്രതിയായ ഇയാളെ പിടികൂടുന്നതിന് വേണ്ടി ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് നടത്തിയ ശക്തമായ തിരച്ചിലിനൊടുവിൽ ഇയാളെ കാസർഗോഡ് നിന്നും പോലീസ് സാഹസികമായി പിടികൂടുകയായിരുന്നു.
കോട്ടയം ജില്ലയിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട ഇയാൾക്ക് ഏറ്റുമാനൂർ, കുറവിലങ്ങാട്, തൃപ്പൂണിത്തുറ ഹിൽപാലസ്, ചേർപ്പ് എന്നീ സ്റ്റേഷനുകളിൽ കൊലപാതകശ്രമം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ട്. ഏറ്റുമാനൂർ സ്റ്റേഷൻ എസ്.എച്ച്. ഓ ഷോജോ വർഗീസ്, എസ്.ഐമാരായ സൈജു, ജയപ്രസാദ്, എ.എസ്.ഐ സജി, സി.പി.ഓ മാരായ ഡെന്നി, അനീഷ്, മനോജ്, സെയ്‌ഫുദ്ദീൻ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.