പത്തനംതിട്ട: പത്തനംതിട്ട നഗരസഭാ കൗൺസിൽ യോഗത്തിൽ വോളിബോൾ കളിച്ച് പ്രതിഷേധം നടത്തി യു.ഡി.എഫ്. ജില്ലാ സ്റ്റേഡിയത്തിന്‍റെ പുനർനിർമ്മാണ ഉദ്ഘാടനം തിരഞ്ഞെടുപ്പ് തട്ടിപ്പെന്ന് ആരോപിച്ചാണ് കൗൺസിലർമാർ വോളിബോൾ കളിച്ച് പ്രതിഷേധിച്ചത്. എൽ.ഡി.എഫ് കൗൺസിലർമാർ ഇത് തടഞ്ഞതോടെ രംഗം വാക്കേറ്റത്തിലും പിന്നീട് കയ്യാങ്കളിയിലും എത്തുകയായിരുന്നു.
സ്പോർട്സ് ഫൗണ്ടേഷൻ കേരളയ്ക്ക് കൈമാറി ജില്ലാ സ്റ്റേഡിയം ഉന്നതനിലവാരത്തിൽ പുനർനിർമ്മിക്കുമെന്നാണ് എൽ.ഡി.എഫ് വാഗ്ദാനം. എന്നാൽ മന്ത്രിമാർ ചേർന്ന് നടത്തിയ ഉദ്ഘാടനം വെറും തിരഞ്ഞെടുപ്പ് തട്ടിപ്പെന്നാണ് യു.ഡി.എഫ് ആരോപണം. നഗരസഭയെ നോക്കുകുത്തിയാക്കി ഊരാളുങ്കൽ വഴി വൻ അഴിമതിക്ക് കളമൊരുക്കുന്നുവെന്നും യു.ഡി.എഫ് ആരോപിക്കുന്നു.